
ലോസാഞ്ചലസ് : അമേരിക്കയിൽ നടന്ന മീറ്റിൽ 3000 മീറ്ററിൽ ദേശീയ റെക്കാഡ് കുറിച്ച് ഇന്ത്യൻ വനിതാ താരം പരുൾ ചൗധരി. ലോസാഞ്ചലസിലെ ജാക്ക് കെംപ് സ്റ്റേഡിയത്തിൽ നടന്ന മീറ്റിൽ 8മിനിട്ട് 57.19 സെക്കൻഡിൽ ഫിനിഷ് ചെയ്ത പരുൾ 2016ൽ എൽ.സൂര്യ കുറിച്ചിരുന്ന 9 മിനിട്ട് 4.5 സെക്കൻഡിന്റെ റെക്കാഡാണ് തകർത്തത്. ഒൻപത് മിനിട്ടിൽ താഴെ 3000 മീറ്റർ ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യൻ വനിതയാണ് 27കാരിയായ പരുൾ.1994 ഹിരോഷിമ ഏഷ്യൻ ഗെയിംസിൽ മോളി ചാക്കോയ്ക്ക് ശേഷം വിദേശത്തെ ഒരു ഇന്ത്യൻ വനിതയുടെ ഈയിനത്തിലെ ഏറ്റവും മികച്ച പ്രകടനമാണിത്.
അമേരിക്കയിൽ നടക്കാനിരിക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ സ്റ്റീപ്പിൾ ചേസിൽ മത്സരിക്കുന്ന പരുൾ അവിടെ പരിശീലനത്തിലാണ് . അതിന്റെ ഭാഗമായി നടന്ന മീറ്റിലാണ് 3000 മീറ്ററിൽ മത്സരിക്കാനിറങ്ങിയതും റെക്കാഡ് പ്രകടനം പിറന്നത്.മീറ്റിൽ വെങ്കലമെഡലും പരുളിന് ലഭിച്ചു.