മലയാളത്തിന്റെ മഹാ കഥാകാരൻ ,മലയാളികളുടെ പ്രിയപ്പെട്ട എം.ടി വാസുദേവൻ നായർ ജൂലായ് 15 ന് നവതിയിലേക്ക് കടക്കുകയാണ്. വാക്കുകൾ വെറും വാക്കുകളല്ലെന്നും അവയ്ക്ക് നക്ഷത്രങ്ങളാകാൻ കഴിയുമെന്നും മലയാളി പഠിച്ചത് എം.ടിയെന്ന രണ്ടക്ഷരം സമ്മാനിച്ച രചനകളിലൂടെയാണ്. നവതിയുടെ ഈ വേളയിൽ എം.ടിയെക്കുറിച്ച് അദ്ദേഹത്തിന്റെ മകളും അതുല്യ നർത്തകിയുമായ അശ്വതി ശ്രീകാന്ത് എഴുതുന്നു.ഒപ്പം വിഖ്യാത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ കാമറയിൽ പകർത്തിയ എം.ടിയുടെ ചിത്രങ്ങളും.

അച്ഛൻ എനിക്ക് അഭിമാനമാണ്.നിറഞ്ഞ സ്നേഹമാണ്.മലയാളികൾക്ക് എം.ടി.വാസുദേവൻ നായരെ ഞാൻ പരിചയപ്പെടുത്തേണ്ടതില്ല. മലയാള ഭാഷയ്ക്ക് അച്ഛൻ എത്രമാത്രം പ്രിയപ്പെട്ടവനാണെന്നും ഞാൻ പറയേണ്ടതില്ല.അച്ഛനെക്കുറിച്ചുള്ള എന്റെ ചില അനുഭവങ്ങളാണ്,അല്ലെങ്കിൽ നിരീക്ഷണങ്ങളോ ചിന്തകളോ ആണ് ഞാൻ ഇവിടെ കുറിക്കുന്നത്.
സാധാരണ കുട്ടികളുടെ പോലെയുള്ള കുട്ടിക്കാലം ആയിരുന്നില്ല എന്റേത്.അച്ഛനും അമ്മയും തിരക്കുള്ളവർ.അച്ഛൻ പലപ്പോഴും യാത്രകളിലായിരിക്കും.ഓരോ യാത്രകൾ കഴിഞ്ഞു വരുമ്പോഴും സമ്മാനങ്ങൾ കൊണ്ടുവരും.എല്ലാം പുസ്തകങ്ങളായിരിക്കും.അമർചിത്രകഥ,നാടോടിക്കഥകൾ,ജാതക കഥകൾ അങ്ങനെ ഒരുപാട് പുസ്തകങ്ങൾ വാങ്ങിത്തന്നിട്ടുണ്ട്.പിന്നീട് വീട്ടിൽ വി.സി.ആർ വാങ്ങിയപ്പോൾ വീഡിയോ കാസെറ്റുകളും വാങ്ങിക്കൊണ്ടു വരുമായിരുന്നു.ലോക ക്ളാസിക്കുകളായ ചലച്ചിത്രങ്ങളുടെ കാസെറ്റുകളായിരുന്നു അവയൊക്കെ.വലിയ കൗതുകത്തോടെയാണ് ഞാനാ ചിത്രങ്ങൾ കണ്ടത്.അച്ഛൻ വാങ്ങിത്തന്ന സമ്മാനങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണെന്ന് തരംതിരിക്കാനാവില്ല. എല്ലാം പ്രിയപ്പെട്ടവ തന്നെ.
വീട്ടിലെ കാര്യങ്ങളൊക്കെ അച്ഛൻ ശ്രദ്ധിക്കുമെന്ന് പറയാനാവില്ല.അച്ഛന് അതിലൊന്നും വലിയ പിടിപാടില്ല. വീട്ടുകാര്യങ്ങൾ ശ്രദ്ധിക്കാൻ അമ്മയും അമ്മാവൻമാരും ഉണ്ട്. എന്നാൽ കുടുംബത്തിൽ ആർക്കെങ്കിലും എന്തെങ്കിലും ആവശ്യം വന്നാൽ അച്ഛൻ അകമഴിഞ്ഞ് സഹായിക്കും. അതിലൊന്നും ഒരു മടിയും കാണിക്കില്ല.അച്ഛൻ പൊതുവെ സംസാരം കുറവാണ്. അപൂർവമായേ ദേഷ്യം വരൂ. മകൾ എന്ന നിലയിൽ എന്നോട് അധികം ദേഷ്യപ്പെട്ടിട്ടില്ല.അതിനുള്ള അവസരവും ഞാൻ ഉണ്ടാക്കിയിട്ടില്ല.തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്ന പ്രകൃതമാണ് അച്ഛന്റേത്.വ്യക്തമായ നിലപാടുകളുണ്ട്.
യാത്രകളിൽ സമയവും സൗകര്യവും ഒത്തുവരുമ്പോഴെല്ലാം അച്ഛൻ ഒപ്പം കൂട്ടാറുണ്ട്.വേനലവധിക്കാണ് പണ്ടൊക്കെയുള്ള യാത്ര.മദിരാശിയിലേക്കായിരുന്നു പോവാറ്.അവിടെ അമ്മയുടെ നൃത്ത പഠനവും ,അച്ഛന്റെ എഴുത്തും രണ്ടും നടക്കും. ആദ്യമായി ഒരുമിച്ച് വിദേശത്ത് പോയത് സിംഗപ്പൂർ,മലേഷ്യ എന്നിവിടങ്ങളിലേക്ക് 1988 ലായിരുന്നു. പിന്നീട് ഒരുപാട് യാത്രകൾ ഇന്ത്യയ്ക്കകത്തും പുറത്തും പോയി.ഞങ്ങൾ രണ്ടുപേരും യാത്ര ഇഷ്ടപ്പെടുന്നവരാണ്.അച്ഛന് ഏറ്റവും ഇഷ്ടം കൂടല്ലൂരാണോ ,കോഴിക്കോട് ആണോയെന്നു ചോദിച്ചാൽ ഉത്തരം പറയാൻ എനിക്കറിഞ്ഞുകൂട.എന്നാൽ എവിടെ പോയാലും കോഴിക്കോട് തിരിച്ചെത്തിയാൽ ഒരു ആശ്വാസം കിട്ടുന്നതായി തോന്നിയിട്ടുണ്ട്.കൊവിഡ് കാലമായ ശേഷം അച്ഛൻ അങ്ങനെ യാത്രയൊന്നും ചെയ്യാറില്ല.
വീട്ടിൽ കലാപരമായ വിഷയങ്ങളിൻമേലുള്ള ചർച്ചകൾ അപൂർവമാണ്.ആരും ആരുടേയും ആവിഷ്കാര സ്വാതന്ത്ര്യത്തിൽ കൈകടത്താറില്ല. ഞാൻ അച്ഛനോട് സംശയങ്ങൾ ചോദിക്കാറുണ്ട്.അറിയാവുന്നവ പറഞ്ഞുതരും.അല്ലെങ്കിൽ അതിനുവേണ്ട പുസ്തകങ്ങൾ റഫർ ചെയ്യാൻ പറയും.മുമ്പൊക്കെ എന്റെ നൃത്തപരിപാടി കാണാൻ അച്ഛൻ വന്നിട്ടുണ്ട്.അഭിപ്രായങ്ങളൊന്നും അങ്ങനെ പ്രകടിപ്പിക്കില്ല.അച്ഛന്റെ മുഖത്തെ ഭാവങ്ങൾ കാണുമ്പോൾ അച്ഛന് ഇഷ്ടപ്പെട്ടുവെന്ന് എനിക്ക് മനസിലാവും.

എഴുത്ത് ഒരു സ്വകാര്യ പ്രക്രിയ ആയതിനാൽ ഒറ്റയ്ക്കിരുന്നു എഴുതുന്നതാണ് അച്ഛന്റെ പതിവ്.ഇപ്പോൾ പുതുതായി എന്തോ എഴുതി തുടങ്ങിയിട്ടുണ്ട്.അതൊന്നും ചർച്ച ചെയ്യാറില്ല.അച്ഛനിഷ്ടപ്പെട്ട സ്വന്തം രചനകൾ ഏതാണെന്ന് ഞാൻ ഒരിക്കലും ചോദിച്ചിട്ടില്ല.എനിക്ക് എല്ലാം ഇഷ്ടം തന്നെയെന്നു പറയുന്നതാകും ശരി.എന്നാൽ മഞ്ഞ് ,രണ്ടാമൂഴം,വാരാണസി പിന്നെ ചെറുകഥകൾ എന്നിവയോടൊക്കെ എനിക്ക് പ്രിയം കൂടുതലാണ്.സിനിമകളിൽ സദയം, ഒരു വടക്കൻ വീരഗാഥ,താഴ് വാരം, നിർമ്മാല്യം ഇവയെല്ലാം പ്രീയപ്പെട്ടവതന്നെ.അച്ഛന്റെ ഒമ്പതു ചെറുകഥകൾ സിനിമകളായി ഒ.ടി.ടിയിൽ വരുന്നുണ്ട്.അതിൽ വില്പന എന്ന കഥ ഞാനാണ് സംവിധാനം ചെയ്തത്.മൊത്തം പ്രോജക്ടിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസറും ഞാനാണ്.
ഇപ്പോൾ അച്ഛന് സുഹൃത്തുക്കൾ കുറവാണ്.പലരും ഇന്ന് ജീവിച്ചിരുപ്പില്ല.കുടുംബ സുഹൃത്തുക്കൾ വളരെ കുറച്ചു പേര്,വിരലിലെണ്ണാവുന്നവർ.അവരിൽ ചിലരെക്കുറിച്ച് അച്ഛൻ എഴുതിയിട്ടുണ്ട് .എഴുത്തിനും സിനിമയ്ക്കും അപ്പുറത്തെ ബന്ധങ്ങളാണ് അവ.എന്റെ ഭർത്താവ് ശ്രീകാന്തിനോട് ഒരു മകനോടുള്ള സ്നേഹമാണ് , ഒരു കലാകാരനായതിനാൽ ആദരവും ഉണ്ട്.
ജൂലായ് 15 നാണ് അച്ഛന്റെ ഡേറ്റ് ഓഫ് ബർത്ത്.ആഘോഷങ്ങൾ ഇഷ്ടമില്ലാത്തതിനാൽ അന്ന് പരിപാടി ഒന്നുമുണ്ടാകാനിടയില്ല. നേരത്തെ ജന്മനാളിന് മൂകാംബികയിൽ പോകുന്ന പതിവുണ്ടായിരുന്നു. ഇപ്പോൾ അതില്ല. ഉതൃട്ടാതിയാണ് അച്ഛന്റെ ജന്മനക്ഷത്രം.അത് ജൂലായ് 19 നാണ്.