
എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇംഗ്ളണ്ട് ഒന്നാം ഇന്നിംഗ്സിൽ 284 റൺസിന് പുറത്ത്,
ഇംഗ്ളണ്ടിനെ കരകയറ്റിയത് ബെയർസ്റ്റോയുടെ (106) സെഞ്ച്വറി
രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 125/3, ഇന്ത്യയ്ക്ക് 257 റൺസ് ലീഡ്
എഡ്ജ്ബാസ്റ്റൺ : ഇംഗ്ളണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം കത്തിക്കയറിയ ജോണി ബെയർസ്റ്റോയ്ക്ക് (106)ബ്രേക്കിട്ട ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ സ്വന്തമാക്കിയത് 132 റൺസിന്റെ ലീഡ്. ആദ്യ ഇന്നിംഗ്സിൽ 416 റൺസ് നേടിയിരുന്ന ഇന്ത്യയ്ക്കെതിരെ ആതിഥേയർ മൂന്നാം ദിനം ലഞ്ചിന് ശേഷം ഒന്നാം ഇന്നിംഗ്സിൽ 284 റൺസിന് ആൾഒൗട്ടാവുകയായിരുന്നു. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങി സൂക്ഷ്മതയോടെ ബാറ്റുചെയ്തതോടെ മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോൾ 125/3 എന്നനിലയിൽ ആകെ 257 റൺസ് മുന്നിലെത്തിയിരിക്കുകയാണ് ഇന്ത്യ.
84/5 എന്ന നിലയിൽ രണ്ടാം ദിനം കളി നിറുത്തിയിരുന്ന ഇംഗ്ളണ്ടിനെ വലിയ തകർച്ചയിൽ നിന്ന് കരകയറ്റിയത് ജോണി ബെയർസ്റ്റോയുടെ തകർപ്പൻ സെഞ്ച്വറിയാണ്. ബെൻ സ്റ്റോക്സ്(25),സാം ബില്ലിംഗ്സ് (36) എന്നിവരുടെ പിന്തുണയോടെ ടീമിനെ 241/7ലെത്തിച്ചശേഷമാണ് ബെയർസ്റ്റോ മടങ്ങിയത്. അവസാന സമയത്ത് 18 പന്തുകളിൽ മൂന്ന് ഫോറും ഒരു സിക്സും പറത്തി 19 റൺസടിച്ച മാത്യു പോട്ട്സാണ് 284ലെത്തിച്ചത്. 140 പന്തുകളിൽ 14ബൗണ്ടറികളുടെയും രണ്ട് സിക്സുകളുടെയും അകമ്പടിയോടെ ബെയർസ്റ്റോ അതിവേഗത്തിൽ നേടിയ സെഞ്ച്വറി ഇന്ത്യൻ ബൗളർമാരെ അൽപ്പം തളർത്തിയെങ്കിലും അധികം വൈകാതെ തളയ്ക്കാൻ ഷമിക്ക് കഴിഞ്ഞതാണ് ഇന്ത്യയെ നിർണായക ലീഡിലെത്തിച്ചത്. മുഹമ്മദ് സിറാജ് നാലുവിക്കറ്റുകൾ നേടിയപ്പോൾ ഷമി രണ്ടുവിക്കറ്റും ശാർദ്ദൂൽ ഒരുവിക്കറ്റും നേടി. ക്യാപ്ടൻ ബുംറയ്ക്ക് രണ്ടാം ദിവസത്തെ മൂന്ന് വിക്കറ്റുകൾ ലഭിച്ചിരുന്നു.
12 റൺസുമായാണ് ബെയർസ്റ്റോ ഇന്നലെ ബാറ്റിംഗ് തുടരാനെത്തിയത്. റൺസൊന്നുമില്ലാതിരുന്ന നായകൻ സ്റ്റോക്സായിരുന്നു കൂട്ട്. തുടർച്ചയായി ബൗണ്ടറികൾ നേടി അർദ്ധസെഞ്ച്വറിയിലെത്തിയ ബെയർസ്റ്റോയ്ക്ക് സ്റ്റോക്സിന്റെ കൂട്ട് നഷ്‌ടമായപ്പോഴും കൂസലുണ്ടായില്ല.ബില്ലിംഗ്സിനെ സാക്ഷിനിറുത്തി സെഞ്ച്വറിയിലേക്ക് കുതിച്ചു. അർദ്ധസെഞ്ച്വറിയിലെത്താൻ 81 പന്തുകളെടുത്ത ബെയർസ്റ്റോയ്ക്ക് സെഞ്ച്വറിയിലെത്താൻ 38 പന്തുകൾ കൂടിയേവേണ്ടിവന്നുള്ളൂ.
സെഞ്ച്വറിക്ക് ശേഷം ബെയർസ്റ്റോയെ ഫസ്റ്റ് സ്ളിപ്പിൽ വിരാട് കൊഹ്‌ലിയുടെ കയ്യിലെത്തിച്ച ഷമിയാണ് കളിയുടെ ഗതിമാറ്റിയത്.തുടർന്ന് സ്റ്റുവർട്ട് ബ്രോഡ്(1),സാം ബില്ലിംഗ്സ്,മാത്യു പോട്ട്സ് എന്നിവരെ പുറത്താക്കി സിറാജാണ് ഇംഗ്ളീഷ് ഇന്നിംഗ്സിന് കർട്ടനിട്ടത്.
മികച്ച ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറിൽത്തന്നെ ശുഭ്മാൻ ഗില്ലിനെ(4) നഷ്ടമായിരുന്നു.ആൻഡേഴ്സണിന്റെ പന്തിൽ ക്രാവ്‌ലിക്ക് ക്യാച്ച് നൽകിയാണ് ഗിൽ മടങ്ങിയത്.17-ാം ഓവറിൽ ഹനുമ വിഹാരിയുടെ (11) വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. തുടർന്ന് ക്രീസിലൊരുമിച്ച ചേതേശ്വർ പുജാരയും (50*),വിരാട് കൊഹ്‌ലിയും (20) ചേർന്ന് മുന്നോട്ടുനയിച്ചു.ടീം സ്കോർ 75ലെത്തിയപ്പോൾ വിരാട് വീണെങ്കിലും തുടർന്നെത്തിയ റിഷഭ് പന്ത് 30 റൺസുമായി പുജാരയ്ക്ക് പിന്തുണ നൽകുകയായിരുന്നു.
11
ബെയർസ്റ്റോയുടെ കരിയറിലെ 11-ാം ടെസ്റ്റ് സെഞ്ച്വറിയാണിത്.
3
കഴിഞ്ഞ മൂന്ന് ടെസ്റ്റുകളിലും ബെയർസ്റ്റോ തുടർച്ചയായി സെഞ്ച്വറി നേടി. ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ 136 റൺസും മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ 162 റൺസുമാണ് നേടിയിരുന്നത്.