നൂഡൽഹി: അമർനാഥ് തീർത്ഥാടകർ സഞ്ചരിക്കുന്ന ബാൽട്ടാൽ റൂട്ടിൽ തകർന്നു വീണ രണ്ട് പാലങ്ങൾ ഒറ്റരാത്രി കൊണ്ട് പുനർനിർമ്മിച്ച് സേനയുടെ ചിനാർ കോർ വിഭാഗം. മണ്ണിടിച്ചിലിനെ തുടർന്നാണ് കഴിഞ്ഞ ദിവസം പാലങ്ങൾക്ക് കേടുപാട് സംഭവിച്ചത്. ചിനാർ കോർ ആണ് ആ മേഖലയിൽ തീർത്ഥാടകർക്ക് സുരക്ഷയും സുഗമമായ യാത്രയ്ക്ക് സൗകര്യവുമൊരുക്കുന്നത്. താപനില ഉയർന്നതിനെ തുടർന്ന് പെട്ടെന്നുണ്ടായ നീരൊഴുക്കാണ് മണ്ണിടിച്ചിലിന് കാരണമായത്.
കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി അമർനാഥ് യാത്ര അനുവദിച്ചിരുന്നില്ല. ജൂൺ 30 നാണ് ഹിമാലയത്തിൽ 3880 മീറ്റർ ഉയരത്തിലുള്ള ശിവപ്രതിഷ്ഠയുള്ള ഗുഹാക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം ആരംഭിച്ചത്.