emirates-flight

ദുബായ് : ആസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിലേക്ക് പറന്ന എമിറേറ്റ്സ് എയർലൈൻ വിമാനത്തിന് സാങ്കേതിക തകരാർ കണ്ടെത്തി. ടയർ പൊട്ടുകയും വിമാനത്തിന്റെ പുറംഭാഗത്ത് ഒരു ദ്വാരം കണ്ടെത്തുകയും ചെയ്‌തെങ്കിലും അപകടമുണ്ടാകാതെ വിമാനം ലക്ഷ്യ സ്ഥാനത്തിറങ്ങി. വെള്ളിയാഴ്ച സർവീസ് നടത്തിയ എമിറേറ്റ്സിന്റെ ഇ.കെ. 430 എന്ന വിമാനത്തിനാണ് തകരാറുണ്ടായത്. പറക്കുന്നതിനിടെയാണ് വിമാനത്തിന്റെ 22 ടയറുകളിൽ ഒന്ന് പൊട്ടിയതായി ശ്രദ്ധയിൽപ്പെട്ടത്. പുറമെ വിമാനത്തിന്റെ പുറം ഭാഗത്ത് ദ്വാരവും കണ്ടെത്തി. എന്നാൽ ഇത് വിമാനത്തിന്റെ ഫ്യൂസ്‌ലേജിലോ ഫ്രെയിമിലോ ഘടനയിലോ സ്വാധീനം ചെലുത്തുന്ന തകരാറുകളായിരുന്നില്ല. അതിനാൽ വിമാനം സുരക്ഷിതമായി ഇറങ്ങുന്നതിന് തടസമുണ്ടായില്ലെന്ന് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.