idukki

ഇടുക്കി: ഏലപ്പാറയിൽ കോഴിക്കാനം എസ്‌റ്റേ‌റ്റിലുണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ട തൊഴിലാളി മരിച്ചു. കോഴിക്കാനം എസ്‌റ്റേറ്റിലെ ജീവനക്കാരിയായ പുഷ്‌പയാണ് പുലർച്ചെ നാല് മണിയ്‌ക്കുണ്ടായ മണ്ണിടിച്ചിലിൽ പെട്ട് മരണമടഞ്ഞത്. എസ്‌റ്റേറ്റിൽ തൊഴിലാളികൾ താമസിക്കുന്ന ലയത്തിന് പിന്നിലെ മണ്ണാണ് ഇടിഞ്ഞുവീണത്. സംഭവം അറിഞ്ഞയുടൻ നാട്ടുകാർ ഫയർഫോഴ്‌സിനെ വിവരമറിയിച്ചു.

ഫയർഫോഴ്‌സ് രണ്ട് മണിക്കൂറോളം നടത്തിയ തിരച്ചിലിലാണ് പുഷ്‌പയെ കണ്ടെത്താനായത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുലർച്ചെ നാല് മണിയ്‌ക്ക് ലയത്തിലെ അടുക്കളയിൽ പാചകം ചെയ്യുമ്പോഴാണ് പുഷ്‌പയുടെ മേലേക്ക് മണ്ണിടിഞ്ഞത്. ഉടൻ ലയത്തിലുണ്ടായിരുന്ന ഭർത്താവും മൂന്നുമക്കളും വിവരം അറിയിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഈ ഭാഗത്ത് കനത്ത മഴയാണ്. ഇടുക്കി ജില്ലയിൽ ഇന്നും കനത്ത മഴ സാദ്ധ്യതയുള‌ളതിനാൽ ഓറഞ്ച് അല‌ർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.