kk

കൈപ്പുണ്യത്തോടൊപ്പം അലിവുള്ള ഒരു ഹൃദയം കൂടിയുണ്ടെങ്കിൽ ഒരു ഡോക്ടർക്ക് അതിലും വലിയൊരു യോഗ്യത വേറെ വേണ്ടെന്ന് പ്രമുഖ സർജനായിരുന്ന ഡോ.പി.കെ.ആർ.വാര്യർ പറഞ്ഞിട്ടുണ്ട്. ഈ രണ്ട് ഗുണങ്ങളും ഒരുപോലെ ഒത്തിണങ്ങിയ ഡോക്ടറായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ഡോ.എൻ.അഹമ്മദ് പിള്ള. ആരോഗ്യസംബന്ധിയായ പ്രശ്നങ്ങളാൽ എഴുപത്തിനാലാം വയസിൽ യാത്രയാകുമ്പോൾ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം പോലും ആശ്വാസമായി കരുതുന്ന ഒട്ടേറെപ്പേർ, അതിൽ വല്ലാതെ ദു:ഖിക്കുമെന്ന കാര്യത്തിൽ അഹമ്മദ്പിള്ളയെ പരിചയമുള്ള ആർക്കും സംശയമുണ്ടാവുകയില്ല.

തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ ചരിത്രത്തിൽ ഇടം നേടിയ വ്യക്തിയാണ് ഡോ.അഹമ്മദ് പിള്ള. ഫിസിക്കൽ മെഡിസിൻ ആൻഡ് റീ ഹാബിലിറ്റേഷൻ വിഭാഗത്തിന്റെ മേധാവിയെന്ന നിലയിൽ അദ്ദേഹം നടപ്പിലാക്കിയ പരിഷ്‌കാരങ്ങൾ ആയിരക്കണക്കിന് രോഗികൾക്കാണ് ഇന്നും പ്രയോജനം ചെയ്യുന്നത്. ഈ മേഖലയിലെ ആധുനിക വികാസങ്ങൾ മനസിലാക്കിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീ ഹാബിലിറ്റേഷൻ വിഭാഗം അദ്ദേഹം നവീകരിച്ചത്. രോഗികൾക്ക് ഏറ്റവും സൗകര്യപ്രദമാകും വിധമായിരുന്നു ഓരോ മാറ്റങ്ങളും അദ്ദേഹം നടപ്പിലാക്കിയത്. ഈ അർപ്പണ മനോഭാവമാണ് സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ചെയർമാൻ, സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എന്നീ പദവികളിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. വികലാംഗരായ കിടപ്പുരോഗികളെ വീട്ടിലെത്തി പരിചരിക്കാൻ അദ്ദേഹം മുൻകൈയെടുത്തിരുന്നു. ആ ചികിത്സാരീതി വ്യാപിപ്പിക്കുന്നതിലും അദ്ദേഹം മുഖ്യപങ്കു വഹിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡെപ്യൂട്ടി സൂപ്രണ്ടായിരിക്കുന്ന വേളയിലാണ് ഡോ.അഹമ്മദ് പിള്ളയെ പരിചയപ്പെടുന്നത്. സഫാരി സ്യൂട്ടിൽ എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി അദ്ദേഹം ഓരോ ഇടത്തും എത്തിച്ചേരും. തന്റെ ജോലിയുടെ ഉത്തരവാദിത്വം അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. ഡോ.കേശവൻകുട്ടിനായർ സൂപ്രണ്ടും അഹമ്മദ്പിള്ള ഡെപ്യൂട്ടി സൂപ്രണ്ടുമായ കാലം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ഏറ്റവും പ്രവർത്തനമികവ് കാഴ്ചവച്ച കാലമായിരുന്നു. മികച്ച ഡോക്ടർ എന്നതിനൊപ്പം മികച്ച അഡ്മിനിസ്ട്രേറ്റർ കൂടിയായിരുന്നു അദ്ദേഹം. മെഡിക്കൽ കോളേജിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുകയും, എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ അടിയന്തിരമായി ഇടപെട്ട്, അത് വേഗം പരിഹരിക്കാനും അഹമ്മദ്പിള്ളയ്ക്ക് ഒരു പ്രത്യേക നയതന്ത്രമുണ്ടായിരുന്നു. വലിയ അത്യാഹിതങ്ങളൊക്കെ സംഭവിക്കുമ്പോൾ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവരുന്ന രോഗികൾക്ക് അടിയന്തിര ശുശ്രൂഷ ലഭ്യമാക്കാൻ ഡോക്ടർമാരെ സജ്ജമാക്കുന്നതിലും അഹമ്മദ്പിള്ള മുന്നിൽ നിൽക്കുമായിരുന്നു.

ഒരു ആവശ്യം വന്നാൽ ഏത് പാതിരാത്രിയിലും അദ്ദേഹത്തെ ബന്ധപ്പെടാമായിരുന്നു. ഒരു അലോസരവുമില്ലാതെ അദ്ദേഹം പാഞ്ഞെത്തുമായിരുന്നു. തന്റെ മുന്നിൽ ചികിത്സ തേടിയെത്തുന്നവരോട് രോഗവിവരം മാത്രമല്ല അദ്ദേഹം ആരാഞ്ഞിരുന്നത്. അവരുടെ വ്യക്തിപരമായ വിവരങ്ങളും സാമ്പത്തികസ്ഥിതിയുമൊക്കെ ചോദിച്ചറിയുമായിരുന്നു.എത്രയോ പേർക്ക് സ്വന്തം പോക്കറ്റിൽ നിന്ന് വണ്ടിക്കൂലിക്കായി പണമെടുത്തു നൽകുന്ന അഹമ്മദ്പിള്ളയുടെ മുഖം സഹപ്രവർത്തകർ പലരും ഓർക്കുന്നുണ്ട്. രോഗത്തിന്റെ ദുരിതത്തിൽ മനംനൊന്തെത്തുന്ന രോഗികൾ ചികിത്സാവിധിക്കൊപ്പമുള്ള അഹമ്മദ്പിള്ളയുടെ സ്വാന്തനവാക്കുകളിൽ സമാധാനത്തോടെ മടങ്ങാറുണ്ടായിരുന്നു. ഒരിക്കൽപ്പോലും ദേഷ്യപ്പെട്ട് അദ്ദേഹത്തെ കണ്ടിട്ടില്ല. രോഗികളോട് ഒരിക്കലും ക്ഷുഭിതരായി സംസാരിക്കരുതെന്ന് സഹപ്രവർത്തകരോടും മെഡിക്കൽ വിദ്യാർത്ഥികളോടും അദ്ദേഹം എപ്പോഴും പറയുമായിരുന്നു.എത്ര കടുത്ത രോഗബാധിതനാണെങ്കിലും ഡോക്ടറുടെ പെരുമാറ്റവും സ്നേഹപൂർണമായ നിർദ്ദേശങ്ങളും രോഗിക്ക് നൽകുന്ന ആശ്വാസം പറഞ്ഞറിയിക്കാൻ കഴിയുകയില്ല. ഡോക്ടറുടെ അലിവോടെയുള്ള സംസാരവും സമീപനവും രോഗചികിത്സയ്ക്കൊപ്പം തന്നെ പ്രധാനമാണെന്ന് അദ്ദേഹം വിശ്വസിച്ചു. മെഡിക്കൽകോളേജിൽ അദ്ദേഹം പഠിപ്പിച്ച വിദ്യാർത്ഥികൾ അഹമ്മദ്പിള്ള എന്ന അദ്ധ്യാപകനെ മറക്കില്ല. പ്രമുഖ പ്രമേഹ രോഗ ചികിത്സാ വിദഗ്ധനായ ഡോ.ജ്യോതിദേവ് സൂചിപ്പിച്ചതുപോലെ സ്നേഹത്തിന്റെ മുഖമായിരുന്നു ഡോക്ടർ അഹമ്മദ് പിള്ളയുടേത്.

തിരുവനന്തപുരത്തെ സാംസ്ക്കാരിക സദസ്സുകളിലും സജീവസാന്നിദ്ധ്യമായിരുന്നു അദ്ദേഹം. അഹമ്മദ് പിള്ളയോടുള്ള ആദരവ് പ്രകടിപ്പിച്ച് തിരുവനന്തപുരം മെ‌ഡിക്കൽ കോളേജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീ ഹാബിലിറ്റേഷൻ ബ്ളോക്കിന് അദ്ദേഹത്തിന്റെ പേര് നൽകേണ്ടതാണ്. അഹമ്മദ് പിള്ള സമൂഹത്തിന് നൽകിയ സംഭാവനകളുമായി താരതമ്യപ്പെടുത്തിനോക്കിയാൽ അതൊരു ചെറിയകാര്യമാണെങ്കിൽപ്പോലും. അധികൃതർ അതിന് മുന്നോട്ടുവരണം. ഇപ്പോഴത്തെ ആശുപത്രി ഭരണനേതൃത്വം മുൻകൈയ്യെടുക്കുകയും വേണം. ഡോ.അഹമ്മദ് പിള്ള പകർന്ന സംസ്ക്കാരം മെഡിക്കൽ രംഗത്തെ പുതിയ തലമുറ മാതൃകയാക്കേണ്ടതാണ്. ആ പാഠങ്ങൾ വിസ്മരിക്കാനുള്ളതല്ല.