
മുംബയ്: ബിജെപി - ഏക്‌നാഥ് ഷിൻഡെ സർക്കാർ വിശ്വാസവോട്ടടുപ്പ് തേടുകയാണ് ഇപ്പോൾ. ഉദ്ദവ് താക്കറെയ്‌ക്കൊപ്പമുണ്ടായിരുന്ന ഒരു എം എൽ എ കൂടി ഇന്ന് ഷിൻഡെ പക്ഷത്തേക്ക് കൂറ് മാറിയിട്ടുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം എൻസിപി എം എൽ എമാരുടെ യോഗം വിളിച്ച പാർട്ടി അദ്ധ്യക്ഷൻ ശരദ് പവാർ പാർട്ടി എം എൽ എമാരോടെല്ലാം തിരഞ്ഞെടുപ്പിന് തയ്യാറാകാൻ മുന്നറിയിപ്പ് നൽകി. അടുത്ത ആറ് മാസത്തിനിടെ ഏക്‌നാഥ് ഷിൻഡെ-ബിജെപി സർക്കാർ വീഴാൻ സാദ്ധ്യതയുളളതിനാൽ ഇടക്കാല തിരഞ്ഞെടുപ്പിന് ഇടയുണ്ടെന്നാണ് പവാർ നൽകിയ മുന്നറിയിപ്പ്. ഞായറാഴ്‌ച വൈകിട്ട് മുംബയിൽ ചേർന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഷിൻഡെയോടൊപ്പം പോയ എം എൽ എമാർ ഇപ്പോൾ സർക്കാർ രൂപീകരണത്തിൽ തൃപ്‌തരല്ല. മന്ത്രിമാരെ തീരുമാനിച്ച് കഴിയുമ്പോൾ അവിടെ എതിർപ്പുണ്ടാകും. അത് സർക്കാർ വീഴാനിടയാക്കും. പവാർ എം എൽ എമാരോട് പറഞ്ഞു. അതിനാൽ പരമാവധി സമയം അവരവരുടെ മണ്ഡലങ്ങളിൽ ഉണ്ടാകണം. പത്ത് ദിവസത്തോളം നീണ്ട വിമതത നാടകത്തിനൊടുവിൽ ജൂൺ 29ന് ഉദ്ദവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. തുടർന്ന് ജൂൺ 30നാണ് ഏക്‌നാഥ് ഷിൻഡെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയുമായി.
2019ൽ നടന്ന തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം സീറ്റുകൾ നേടി ബിജെപി ഫഡ്‌നാവിസിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ച ശേഷമാണ് എൻസിപിയും കോൺഗ്രസും ശിവസേനയോടൊപ്പം ചേർന്ന് മഹാവികാസ് അഘാടി സഖ്യം രൂപീകരിച്ചത്. തുടർന്ന് ഫഡ്‌നാവിസ് രാജിവച്ചതോടെ ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായി.