modi

ഹൈദരാബാദ്: ബിജെപിയുടെ ദേശീയ നിർവാഹക സമിതി യോഗത്തിൽ ഹൈദരാബാദിനെ ഭാഗ്യനഗരമെന്ന് വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹൈദരാബാദിൽ ഇന്നലെ നടന്ന യോഗത്തിൽ രാജ്യത്തുടനീളം നിന്നുമെത്തിയ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമരസേനാനിയായ സർദാർ വല്ലഭായ് പട്ടേൽ ഭാഗ്യനഗറിൽ വച്ചാണ് 'ഏക് ഭാരത്' എന്ന പദം ആദ്യമായി അവതരിപ്പിച്ചതെന്നാണ് മോദി യോഗത്തിൽ പറഞ്ഞത്.

പ്രധാനമന്ത്രി ഹൈദരാബാദിനെ ഭാഗ്യനഗർ എന്നുവിളിച്ചത് നമുക്കേവർക്കും പ്രാധാന്യമുള്ള കാര്യമാണെന്ന് മോദിയെ ഉദ്ധരിച്ച് ബിജെപി എംപിയായ രവിശങ്കർ പ്രസാദ് പറഞ്ഞു. സർദാർ വല്ലഭായ് പട്ടേൽ ഏകീകൃത ഭാരതത്തിന്റെ അടിത്തറ പാകിയതും ഏക് ഭാരത് എന്ന പദം ആദ്യമായി ഉപയോഗിച്ചതും ഭാഗ്യനഗറിലാണ്. ഭാരതത്തിന്റെ പൈതൃകം മുന്നോട്ട് കൊണ്ടുപോകേണ്ടത് ബിജെപിയുടെ ഉത്തരവാദിത്തമാണെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.

പ്രധാനമന്ത്രി ഹൈദരാബാദിനെ ഭാഗ്യനഗരമെന്ന് വിളിച്ചതിന് പിന്നാലെ പേര് മാറ്റം സംബന്ധിച്ച് രാജ്യത്തുടനീളം പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയരുകയാണ്. തെലങ്കാനയിൽ ബിജെപി അധികാരത്തിൽ വന്നാൽ ക്യാബിനറ്റ് മന്ത്രിമാരുമായി കൂടിയാലോചിച്ച് പ്രധാനമന്ത്രി തീരുമാനം കൈക്കൊള്ളുമെന്ന് പേര് മാറ്റവിവാദത്തിൽ കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പ്രതികരിച്ചു.

വിഷയത്തിൽ മോദിയെ രൂക്ഷമായി വിമർശിച്ച് തെലങ്കാന മന്ത്രി കെ ടി രാമറാവു രംഗത്തെത്തി. പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ അഹമ്മദാബാദിനെ എന്തുകൊണ്ട് 'അദാനിബാദ്' എന്ന് മാറ്റിക്കൂടാ എന്ന് കെടിആർ ചോദിച്ചു.

Why don’t you change Ahmedabad’s name to Adanibad first?

Who is this Jhumla Jeevi by the way? https://t.co/xD8y6mrfUi

— KTR (@KTRTRS) July 3, 2022

2020ലാണ് ഹൈദരാബാദിന്റെ പേര് മാറ്റം സംബന്ധിച്ച ചർച്ചകൾ ഉയർന്നുവന്നത്. ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ 'ഹൈദരാബാദിനെ ഭാഗ്യനഗരമായി മാറ്റാൻ ബിജെപിയ്ക്ക് വോട്ട് ചെയ്യൂ' എന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് പറഞ്ഞത്.