maharashtra

മുംബയ്: മഹാരാഷ്ട്ര നിയമസഭയിൽ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ സർക്കാർ വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചു. വിശ്വാസ വോട്ടെടുപ്പിനിടയിലും ഒരു ഉദ്ധവ് പക്ഷ ശിവസേന എംഎല്‍എ കൂടി ഷിൻഡേയ്‌ക്കൊപ്പം ചേർന്നു. സന്തോഷ് ബംഗാര്‍ ആണ് ഇന്ന് ഷിൻഡെ പക്ഷത്തിനൊപ്പം ചേര്‍ന്ന ശിവസേന എംഎല്‍എ. ഇന്ന് രാവിലെ വിമത എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്നാണ് അദ്ദേഹം നിയമസഭയിലേക്കെത്തിയത്. 164 പേരുടെ പിന്തുണയാണ് ഷിൻഡെക്ക് ലഭിച്ചത്. 99 എംഎല്‍എമാരാണ് സർക്കാരിൽ അവിശ്വാസം രേഖപ്പെടുത്തിയത്.ഞായറാഴ്ച നടന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പിനേക്കാള്‍ എട്ടു വോട്ടുകളുടെ കുറവാണ് പ്രതിപക്ഷത്തിന് ഉണ്ടായത്.

രാവിലെ പതിനൊന്ന് മണിയോടെയാണ് വിശ്വാസ വോട്ടെടുപ്പ് നടന്നത്. നിർണായക വോട്ടെടുപ്പ് ആയിരുന്നെങ്കിലും കോൺഗ്രസ് എം എൽ എമാരായ അശോക് ചവാര്‍, വിജയ് വഡേട്ടിവാര്‍ എന്നിവര്‍ സഭയില്‍ എത്തിയില്ല. വോട്ടെടുപ്പിന് ശേഷമാണ് മുൻ മുഖ്യമന്ത്രി അശോക് ചവാൻ എത്തിയത്. കോൺഗ്രസിന്റെ രണ്ട് എം എൽ എമാർ സഭയിൽ എത്താത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.

സ്പീക്കർ തിരഞ്ഞെടുപ്പിൽ ബിജെപി എംഎൽഎ രാഹുൽ നർവേക്കറാണ് വിജയിച്ചത്. ശിവസേന എംഎൽഎയും ഉദ്ദവ് താക്കറെയുടെ വിശ്വസ്‌തനുമായ രാജൻ സാൽവിയായിരുന്നു രാഹുലിന്റെ എതിരാളി.