
തിരുവനന്തപുരം: ആലപ്പുഴ എംഎൽഎ പി. ചിത്തരഞ്ജന് സഭയിൽ സ്പീക്കറുടെ വിമർശനം. മന്ത്രി പി. രാജീവ് സംസാരിക്കുന്നതിനിടെ തൊട്ടുപിന്നിലിരുന്ന ചിത്തരഞ്ജൻ എഴുന്നേറ്റ് പോകുന്നതും പുറംതിരിഞ്ഞ് നിൽക്കുന്നതും ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് സ്പീക്കർ ശകാരിച്ചത്. സഭയിൽ നടക്കുന്ന ഗൗരവമായ ചർച്ചകളിൽ താത്പര്യം പ്രകടിപ്പിക്കാതിരിക്കുകയും രാഷ്ട്രീയ വിവാദങ്ങളിൽ മാത്രം ശ്രദ്ധിക്കുകയും ചെയ്യുന്നത് ഉത്തരവാദിത്തമില്ലായ്മയാണെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി.
സഭയിൽ ചർച്ച നടക്കുന്നതിനിടെ ചില സാമാജികർ ഇറങ്ങി നടക്കുന്നതും സംഘം ചേർന്ന് സംസാരിക്കുന്നതുമാണ് സ്പീക്കറെ ചൊടിപ്പിച്ചിരുന്നു. രണ്ടുതവണ അദ്ദേഹം മുന്നറിയിപ്പ് നൽകി. അതിനിടെയാണ് ചിത്തരഞ്ജന്റെ അച്ചടക്ക ലംഘനം.
മന്ത്രിയുടെ പ്രസംഗം തടഞ്ഞ് ചിത്തരഞ്ജന്റെ പേര് പറഞ്ഞുകൊണ്ട് തന്നെ സ്പീക്കർ വിമർശനം നടത്തി. 'രണ്ടു തവണ പറയേണ്ടി വന്നു.സഭയിൽ അംഗങ്ങൾ കൂട്ടം കൂടി നിൽക്കുന്നതും ചെയറിന് പിന്തിരിഞ്ഞ് നിൽക്കുന്നതും ശരിയായ നടപടിയല്ല. വളരെ ഗൗരവപ്പെട്ട പ്രശ്‌നം സഭയിൽ ചർച്ച ചെയ്യുമ്പോൾ അതിൽ താത്പര്യം പ്രകടിപ്പിക്കാതിരിക്കുകയും രാഷ്ട്രീയ വിവാദമുള്ള കാര്യങ്ങളിൽ മാത്രം ശ്രദ്ധയും താത്പര്യവും പുലർത്തുന്നത് ഉത്തരവാദിത്തോടെയുള്ള സമീപനം അല്ല. അത് കർക്കശമായി പറയേണ്ടി വരികയാണ്' സ്പീക്കർ മുന്നറിയിപ്പ് നൽകി.