kerosene

സംസ്ഥാനത്തിന് കേന്ദ്രത്തിൽനിന്നുള്ള മണ്ണെണ്ണവിഹിതം പി.ഡി.എസ് (പൊതുവിതരണ സമ്പ്രദായം) നോൺ പി.ഡി.എസ് ഇനങ്ങളിലായാണ് ലഭിക്കുന്നത്. റേഷൻകടകളിലൂടെ വിതരണം ചെയ്യേണ്ട മണ്ണെണ്ണ പി.ഡി.എസ് വിഹിതമായും മറ്റാവശ്യങ്ങൾക്കുള്ള മണ്ണെണ്ണ (ഉത്സവങ്ങൾ –കാർഷികാവശ്യം – മത്സ്യബന്ധനം – പ്രകൃതിക്ഷോഭം), ആവശ്യം പരിശോധിച്ച് കേന്ദ്രസർക്കാരിന് ബോദ്ധ്യപ്പെട്ടാൽ, നോൺ പി.ഡി.എസ് വിഹിതമായും അനുവദിക്കുന്നു. മത്സ്യബന്ധനത്തിനുള്ള നോൺപി.ഡി.എസ് മണ്ണെണ്ണയ്ക്ക് ഫിഷറീസ് വകുപ്പ് 25 രൂപ സബ്സിഡി നൽകുന്നുണ്ട്.
2018 വരെ കേന്ദ്രം അനുവദിച്ചിരുന്ന പി.ഡി.എസ് മണ്ണെണ്ണ വിഹിതത്തിൽനിന്നാണ് ഉത്സവങ്ങൾ –കാർഷികാവശ്യം – മത്സ്യബന്ധനം – പ്രകൃതിക്ഷോഭം എന്നീ ആവശ്യങ്ങൾക്കായി കണ്ടെത്തിയിരുന്നത്. എന്നാൽ പി.ഡി.എസ് ഇനത്തിൽ നൽകുന്ന മണ്ണെണ്ണ വിഹിതം വ്യാപാരാവശ്യങ്ങൾക്കായി വൻതോതിൽ ദുർവിനിയോഗം ചെയ്യുന്നെന്ന കാരണം പറഞ്ഞ് കേരളത്തിന് ലഭിക്കുന്ന മണ്ണെണ്ണ വിഹിതം കേന്ദ്രസർക്കാർ വൻതോതിൽ വെട്ടിക്കുറച്ചു. പി.ഡി.എസ് വിഹിതം ഉത്സവങ്ങൾ – കാർഷികാവശ്യം – മത്സ്യബന്ധനം – പ്രകൃതിക്ഷോഭം എന്നീ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും നോൺ പി.ഡി.എസ് മണ്ണെണ്ണ ആവശ്യമുള്ളപ്പോൾ സാഹചര്യം വ്യക്തമാക്കി അപേക്ഷിച്ചാൽ പരിഗണിക്കാമെന്നും അറിയിച്ചിരുന്നു.
2022-23 ആദ്യപാദത്തിൽ കേരളത്തിന് അനുവദിച്ച പി.ഡി.എസ് മണ്ണെണ്ണ വിഹിതം മുൻവർഷത്തേക്കാൾ 40 ശതമാനം വെട്ടിക്കുറച്ചിട്ടുണ്ട്. 2021–22 ആദ്യപാദത്തിൽ 6480 കിലോ മണ്ണെണ്ണ അനുവദിച്ചപ്പോൾ 2022–23 ആദ്യപാദത്തിൽ 3888 ലിറ്റർ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. 2016ൽ കേരളത്തിന് അനുവദിച്ചിരുന്ന പി.ഡി.എസ് മണ്ണെണ്ണ വിഹിതത്തിന്റെ അഞ്ചിലൊരു വിഹിതം പോലും സംസ്ഥാനത്തിന് അനുവദിക്കുന്നില്ല.
1990 കളിൽ കേന്ദ്രത്തിൽനിന്ന് അനുവദിക്കുന്ന മണ്ണെണ്ണ വിഹിതത്തിന്റെ ശരാശരി 30 കോടി ലിറ്ററായിരുന്നു. 2000 മുതൽ 2010 വരെ അനുവദിക്കപ്പെടുന്ന മണ്ണെണ്ണയുടെ അളവിൽ ക്രമാനുഗത കുറവ് രേഖപ്പെടുത്തി ശരാശരിവിഹിതം 25 കോടി ലിറ്ററായി കുറഞ്ഞു. 2011 മുതൽ കേന്ദ്രം അനുവദിക്കുന്ന മണ്ണെണ്ണ വലിയ തോതിൽ വെട്ടിക്കുറച്ചു.
2022 ൽ കേന്ദ്രവിഹിതമായി പി.ഡി.എസ്. ഇനത്തിൽ കിട്ടാൻ സാദ്ധ്യതയുള്ള മണ്ണെണ്ണയുടെ അളവ് 1,55,520,00 ലിറ്റർ മാത്രമായിരിക്കും. നിലവിൽ മഞ്ഞ, പിങ്ക്, നീല, വെള്ള കാർഡുടമകൾക്ക് മൂന്ന് മാസത്തിലൊരിക്കൽ അരലിറ്റർ മണ്ണെണ്ണയാണ് നൽകുന്നത്. വൈദ്യുതി കണക്‌ഷനില്ലാത്ത കാർഡുകൾക്ക് മൂന്നു മാസത്തിലൊരിക്കൽ ആറ് ലിറ്ററും. തുടർന്നും മണ്ണെണ്ണ വിഹിതം വെട്ടിക്കുറയ്‌ക്കുന്നപക്ഷം നിലവിലെ അളവിൽപ്പോലും കാർഡുടമകൾക്ക് മണ്ണെണ്ണ നൽകാനാവില്ല.

മത്സ്യബന്ധനത്തിനുള്ള

മണ്ണെണ്ണ
മത്സ്യത്തൊഴിലാളികൾക്ക് ഒരുമാസം 21,60,000 ലിറ്റർ മണ്ണെണ്ണയാണ് നിലവിൽ അനുവദിച്ചിട്ടുള്ള പെർമ്മിറ്റ് പ്രകാരം ആവശ്യം. ഒരു വർഷത്തേക്ക് 2,59,20,000 ലിറ്റർ . എന്നാൽ ഈ അളവ് മത്സ്യബന്ധനത്തിലേർപ്പെടുന്ന മത്സ്യതൊഴിലാളിക്ക് ഒരാഴ്ചത്തേക്കുപോലും തികയില്ല.

ഉത്സവങ്ങൾ –കാർഷികാവശ്യം – മത്സ്യബന്ധനം – പ്രകൃതിക്ഷോഭം എന്നീ ആവശ്യങ്ങൾ പരിഗണിച്ച് സംസ്ഥാനത്തിന് 10,8960 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏപ്രിലിൽ ഭക്ഷ്യ-പൊതുവിതരണവകുപ്പ് മന്ത്രി കേന്ദ്രപെട്രോളിയം മന്ത്രിയെ കണ്ടു. ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് ഉറപ്പു നൽകിയെങ്കിലും നാളിതുവരെ അനുവദിച്ചിട്ടില്ല.
നിലവിൽ സംസ്ഥാനത്ത് 14,300 ത്തോളം യാനങ്ങൾക്കാണ് പെർമിറ്റ് അനുവദിച്ചിട്ടുള്ളത്. മത്സ്യബന്ധനത്തിനായി ഒരു മാസം നൽകുന്ന മണ്ണെണ്ണയുടെ അളവ് ചുവടെ ചേർക്കുന്നു.


10 ഹോഴ്സ് പവർ - 129 ലിറ്റർ
10 - 15 ഹോഴ്സ് പവർ - 136 ലിറ്റർ
15 ഹോഴ്സ് പവറിന് മുകളിൽ - 180 ലിറ്റർ


മത്സ്യബന്ധന പെർമിറ്റുള്ള മത്സ്യത്തൊഴിലാളികൾക്ക് നിലവിൽ നൽകുന്ന മണ്ണെണ്ണയുടെ അളവ് പര്യാപ്തമല്ലെന്നും വർദ്ധിപ്പിക്കണമെന്നുമാണ് സർക്കാരിന്റെ ആവശ്യം. എന്നാൽ പലകാരണങ്ങൾ പറഞ്ഞ് നിരന്തരം വിഹിതം വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്ര സർക്കാർ.