സന്തോഷമാണോ എന്ന ചോദ്യത്തിന് സന്തോഷം തന്നെ എന്ന് പറയുമ്പോഴും സാമൂഹ്യസൗഖ്യങ്ങളിലാണ് വ്യക്തിപരമായ സുഖങ്ങളിലല്ല എന്ന് അദ്ദേഹം പറയാതെ പറയുന്നുണ്ട്

എം. ടിയോടൊപ്പം ലേഖിക
എഴുത്തുഹൃദയം സ്പന്ദിയ്ക്കുന്നത് ചുറ്റുമുള്ള ജീവിതാവസ്ഥകളുടെ ഏറ്റിറക്കങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ്. എം.ടി എന്നും സങ്കീർണ്ണമായ ജീവിതാവസ്ഥകളുടെ ആഴത്തെ വാക്കിൻക്കൂട്ടിൽ പ്രതിഫലിപ്പിക്കുന്ന എഴുത്തുകാരനാണ്. കാറ്റും കോളും കൊണ്ട് കലുഷമായും ശാന്തമായും മാറുന്ന കടലാണത്. അതിനിടയിലെ നേർരേഖയിൽ നിന്ന് പുതിയ കഥാപാത്രങ്ങൾ വാക്കുകളിലൂടെ പിറവി കൊള്ളും. നവതിയുടെ നിറവിലാണ് എം.ടി. വാസുദേവൻ നായർ. താണ്ടിവരുന്ന തലമുറ കളുടെ വായനയുടെ ഏറ്റവും വലിയ ശ്രദ്ധ എം.ടിയുടെ കൃതികൾക്കാണ്. നവതിയുടെ പശ്ചാത്തലത്തിൽ, ലഘുസംഭാഷണത്തിനിടെ എം.ടി പറഞ്ഞത്...
നവതിയുടെ നിറവിൽ എന്താണ് മനസ്സിൽ?
കോവിഡ് വീണ്ടും വർദ്ധിച്ചു വരുന്നു. കുറച്ചു കഴിഞ്ഞ് എല്ലാം ശരിയായി വരും.
മൂകാംബികായാത്രയെ കുറിച്ച്...?
ഇത്തവണയും യാത്രയില്ല. 3,4 വർഷമായി തന്നെ മൂകാംബികായാത്രയില്ല.
എഴുത്ത്?
ഇല്ലെന്ന് പറഞ്ഞൂടാ.
വായന?
ചില ഇംഗ്ലീഷ് പുസ്തകങ്ങൾ വായനയിലുണ്ട്.
പിറന്നാൾ അല്ലേ?
അതെ.ആഘോഷങ്ങളില്ല. പതിവില്ല.
പിറന്നാളിന്റെ ഓർമ്മയ്ക്ക് എന്നൊരു കഥ തന്നെ ഉണ്ടല്ലോ എന്ന് ഞാൻ ഓർമ്മിപ്പിച്ചു. മറുപടിയായി ഒരു മൂളൽ മാത്രം.
പ്രിയപ്പെട്ട കഥാപാത്രങ്ങൾ?
അങ്ങനെ പറയാൻ കഴിയില്ല. പലതുമുണ്ട്. സന്തോഷമാണോ എന്ന ചോദ്യത്തിന് സന്തോഷം തന്നെ എന്ന് പറയുമ്പോഴും സാമൂഹ്യസൗഖ്യങ്ങളിലാണ് വ്യക്തിപരമായ സുഖങ്ങളിലല്ല എന്ന് അദ്ദേഹം പറയാതെ പറയുന്നുണ്ട്.
സാഹിതീയവും സാമൂഹികവുമായ ഉത്കണ്ഠ. തത്വചിന്താപരമായി സമീപിച്ചാൽ തീവ്രമായി അനുഭവപ്പെടും.ലോകത്തിന്റെ വൈകാരിക തലങ്ങളെ കണ്ട് എഴുതിയ എം.ടി. ആര് വേദനിച്ചാലും എന്റെ നെഞ്ച് പിടയുമെന്ന് പറയുംപോലെ. മഹാമാരിയിൽ നിന്ന് ഭൂലോകം പൂർണ്ണമായും കരകയറുമെന്ന പ്രത്യാശയിലാണ് അദ്ദേഹം.
പരിമിതമായ വാക്കുകളിൽ നിന്ന് പ്രതീക്ഷയുടെ ഉണർവ്വ്. സ്വപ്നങ്ങളുടെ താഴ്വരയിലൂടെ കഥാവസന്തങ്ങൾ എതിരേല്ക്കാൻ സജ്ജമായ മനസ്സ്. അത്ഭുതങ്ങളുടെ കടൽ അദ്ദേഹം ഇനിയും സൃഷ്ടിയ്ക്കട്ടെ. കാലം കൂടുതൽ ഉന്മേഷം പകർന്ന് ആ ധന്യായുസ്സിനെ പ്രകാശപൂർണ്ണമാക്കട്ടെ. മഹാനവതിയ്ക്ക് വാക്കുകൾ കൊണ്ട് പൂർണ്ണിമ.