ശക്തമായ സംഭാഷണങ്ങളാണ് എം.ടിയുടെ തിരക്കഥകളുടെ പ്രത്യേകത. പ്രേക്ഷകർ മനസിൽ ഉരുവിട്ടു നടക്കുന്നവയാണ് അവയിൽ പലതും.കഥാകൃത്ത് വി.ആർ.സുധീഷ് തിരഞ്ഞെടുത്ത എം.ടി.യുടെ ശ്രദ്ധേയമായ ചില ഡയലോഗുകളിലൂടെ...

മഞ്ഞ്
സിനിമയാകുന്നതിന് മുൻപേ പ്രസിദ്ധമായ ഡയലോഗാണ് മഞ്ഞിലെ സർദാർജി വിമലയോട് പറയുന്നത്. . 'വല്ലപ്പോഴും ഒന്ന് ചിരിക്കണം. അല്ലെങ്കിൽ ആ മഹാസിദ്ധി മറന്ന് പോകും. ഇത് എന്റെ അപേക്ഷ മാത്രമല്ല, പ്രകൃതിയുടേത് കൂടിയാണ്.സർദാർജിയുടെയും വിമലയുടെയും കഥാപാത്രങ്ങൾ എന്താണെന്ന് ആ ഒറ്റ ഡയലോഗിലൂടെ മനസിലാകും.
സർദാർജി ഉള്ളിൽ രോഗം ഒളിപ്പിച്ച് വച്ച് നടക്കുന്നയാളാണ്. അയാൾക്ക് ചിരിക്കണമെന്നുണ്ട്. പക്ഷേ വിമല ചിരിക്കുന്നില്ല. ഒരു സംഭാഷണം കഥാപാത്രത്തെ പ്രകാശിപ്പിക്കുന്നതിനാലാണ് ആ ഡയലോഗ് എന്നും ഒാർത്തിരിക്കുന്നത്.
അക്ഷരങ്ങൾ
ഒരെഴുത്തുകാരനാണ് അക്ഷരങ്ങളിലെ മുഖ്യകഥാപാത്രം. എം.ടിക്ക് ജ്ഞാനപീഠം കിട്ടുന്നതിന് മുൻപ്
വന്ന ആ സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച ജയദേവൻ എന്ന കഥാപാത്രത്തിന് ജ്ഞാനപീഠം കിട്ടുകയാണ്. കോഴിക്കോട് ടൗൺ ഹാളിൽ പണ്ട് ഒരെഴുത്തുകാരന്റെ (ഉറൂബാണെന്ന് തോന്നുന്നു) മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ എം.ടിയൊക്കെ അവിടെയുണ്ടായിരുന്നു. പൊതുദർശനം കഴിഞ്ഞ് മൃതദേഹം എടുത്തപ്പോൾ പൂമാലകളൊക്കെ മാറ്റിക്കഴിഞ്ഞ ഭാഗത്ത് ഒരു മനുഷ്യൻ കിടന്ന ആകൃതി രൂപപ്പെട്ടു.അക്ഷരങ്ങൾ എന്ന സിനിമയുണ്ടായത് അവിടെ നിന്നാണെന്ന് എംടി പറഞ്ഞിട്ടുണ്ട്. ആ സിനിമയുടെ തുടക്കവും ഒടുക്കവും ആ രംഗത്തിലാണ്.
അക്ഷരങ്ങളിൽ ഭരത് ഗോപി അവതരിപ്പിച്ച വി.പി.മേനോൻ എന്ന കഥാപാത്രം തന്റെ സഹോദരിയായ ഭാരതിയെ( സുഹാസിനി ) മമ്മൂട്ടി അവതരിപ്പിച്ച എഴുത്തുകാരനായ ജയദേവൻ എന്ന കഥാപാത്രത്തിന് ഇഷ്ടമാണെന്നും കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്നും സൂചിപ്പിക്കുമ്പോൾ പറയുന്ന ഒരു ഡയലോഗുണ്ട്: 'പ്രേമം ! പ്രേമം കഥയ്ക്കും കവിതയ്ക്കുമൊക്കെ പറ്റിയ ഒരു വിഷയമാണ്. പക്ഷേ ഉപദേശിക്കാൻ എനിക്കർഹത ഇനിയുമുണ്ടെങ്കിൽ ഞാൻ പറയുന്നത് എന്താണെന്നറിയാമോ? കല്യാണവും കുടുംബവും പാടില്ല. ദൈവമോ ജീനുകളുടെ കൂടിച്ചേരലോ എന്തായാലും അതു തന്നൊരു സിദ്ധിയുണ്ടല്ലോ അകത്ത്; സാഹിത്യം. ആരാധിക്കാനും പ്രേമിക്കാനും അത് മാത്രമേയുണ്ടാകാൻ പാടുള്ളൂ. അവസാനം വരെ
ജീവിതത്തേക്കാൾ വലുതാണ് കല. പഴയ വചനമാണെങ്കിലും എന്നും സത്യം.
എം.ടിയുടെ ഉള്ളിൽ നിന്നുവന്ന ഒരു ഡയലോഗാണത്. എഴുത്തുകാർക്ക് പറ്റിയതല്ല കുടുംബമെന്ന് എം.ടി എപ്പോഴും പറയുന്ന കാര്യമാണ്.
ആൾക്കൂട്ടത്തിൽ തനിയെ
ആൾക്കൂട്ടത്തിൽ തനിയെ എന്ന സിനിമയിൽ മമ്മൂട്ടിയുമുണ്ട്. മോഹൻലാലുമുണ്ട്. വളരെക്കാലത്തിന് ശേഷം സുഹൃത്തുക്കളായ അവർ തമ്മിൽ കണ്ടുമുട്ടുമ്പോൾ പഴയൊരു പ്രേമബന്ധത്തിന്റെ കഥ ഒാർമ്മയിൽ വരും. പ്രേമിച്ച പെണ്ണിനെ മമ്മൂട്ടിയുടെ കഥാപാത്രം കല്യാണം കഴിച്ചില്ല.
മോഹൻലാലിന്റെ കഥാപാത്രമായ അനിൽ പരിഹാസത്തോടെ പറയുന്നുണ്ട്:
'മുകളിലൊരല്പം സ്ഥലമുണ്ട്. അവിടെ എന്തുവന്നാലും എത്തിപ്പെടണം. ഇൗ പരക്കംപാച്ചിലിൽ ആരൊക്കെ വീണു ആർക്കൊക്കെ മുറിവേറ്റു എത്രപേർ കരയുന്നു എത്രപേരെ ചവുട്ടിയരച്ചു. അതൊന്നും നോക്കാൻ സമയമില്ലല്ലോ ...മോഡേൺ മാൻ."
സുകൃതം
സുകൃതത്തിൽ മനോജ് കെ. ജയന്റെ രാജേന്ദ്രൻ എന്ന കഥാപാത്രം പറയുന്നുണ്ട്.
നമ്മൾ കുട്ടികളല്ല. Accepted ജീവിതം ഒരു തമാശക്കളിയല്ല. Again accepted. പക്ഷേ ഒരാളുടെ whims (താത്പര്യങ്ങൾ) അനുസരിച്ച് അക്ഷരങ്ങൾ മായ്ക്കാനും വരുത്താനും പാകത്തിലുള്ള ഒരു മാജിക് സ്ളേറ്റല്ല മനുഷ്യന്റെ മനസ്."
വിൽക്കാനുണ്ട് സ്വപ്നങ്ങൾ
വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടിയുടെ ശരിയായ സിനിമാപ്രവേശം. അതിൽ നായകനായ സുകുമാരൻ അവതരിപ്പിച്ച ഗൾഫുകാരനോട് സുധീർ പറയുന്നുണ്ട് 'നീ ഇൗശ്വരനായിരിക്കും. സൃഷ്ടിക്കാനും സംഹരിക്കാനുമെന്ന്. അപ്പോൾ സുകുമാരന്റെ മറുപടി
'അതെ അതിനടുത്തെത്തും. പണത്തേക്കാൾ വലിയൊരു ദൈവം ഇവിടെയില്ലെടാ. ആയിരമുള്ളവൻ ധനികൻ, ലക്ഷങ്ങളുള്ളവൻ പ്രഭു, കോടിയുള്ളവൻ ഇൗശ്വരൻ. കോടീശ്വരൻ...നിനക്കില്ലാത്ത ദൈവാനുഗ്രഹം എനിക്കുണ്ടെടാ; പണം."അക്കാലത്തെ വളരെ പ്രസിദ്ധമായ ഒരു ഡയലോഗായിരുന്നു അത്.

ഒരു വടക്കൻ വീരഗാഥ
ഒരു വടക്കൻ വീരഗാഥ എന്ന സിനിമയിൽ നിന്ന് മാത്രം പ്രിയപ്പെട്ട ഡയലോഗുകൾ എത്ര വേണമെങ്കിലും തിരഞ്ഞെടുക്കാൻ പറ്റും.
അതിൽ മമ്മൂട്ടിയുടെ ചന്തു ഗീത അവതരിപ്പിച്ച കഥാപാത്രത്തോട് പറയുന്ന ഒരു ഡയലോഗുണ്ട്:
'നീയടക്കമുള്ള പെൺവർഗം മറ്റാരും കാണാത്തത് കാണും. നിങ്ങൾ ശപിച്ച് കൊണ്ട് കൊഞ്ചും, ചിരിച്ചുകൊണ്ട് കരയും, മോഹിച്ചുകൊണ്ട് വെറുക്കും."
ആ കഥാ സന്ദർഭം ആവശ്യപ്പെടുന്ന ഡയലോഗാണത്.
പരിണയം
പരിണയത്തിന്റെ അവസാനം നങ്ങേലിക്കുട്ടി പറയുന്നുണ്ട് അച്ഛനാരാണെന്ന് ചോദിക്കുമ്പോൾ
'അച്ഛന്റെ പേരല്ലേ പറയേണ്ടൂ. എങ്കിൽ പറഞ്ഞോളൂ ഒന്നുകിൽ കുഞ്ഞുണ്ണി, അല്ലെങ്കിൽ നളൻ, അർജുനൻ, ഭീമൻ..."
ഉയരങ്ങളിൽ

ഉയരങ്ങളിൽ എ ന്ന ചിത്രത്തിന്റെ ക്ളൈമാക്സിൽ മോഹൻലാലിന്റെ കഥാപാത്രം ജയരാജ് പറയുന്നുണ്ട്:
'ഗുഡ് ലക്ക്. എനിക്ക് പശ്ചാത്താപമില്ല. കണ്ണുനീരില്ല, കളി നന്നായി കളിച്ചു. അവസാനം വരെ. പക്ഷേ തോറ്റുപോയി. കളിച്ചതൊക്കെ എനിക്കിഷ്ടവുമായി. അതാണല്ലോ പ്രധാനം."
താഴ്വാരം
താഴ്വാരത്തിലെ മോഹൻലാലിന്റെ കഥാപാത്രം പറയുന്നൊരു ഡയലോഗുണ്ട്.
'കൊല്ലാൻ ഇനിയും നോക്കും അവൻ. ചാവാതിരിക്കാൻ ഞാനും."
താഴ്വാരം എന്ന സിനിമയുടെ പോസ്റ്ററിലെ പരസ്യവാചകവും അതായിരുന്നു.
നിർമ്മാല്യം
ആ സിനിമയുടെ ആത്മാവിനെ തൊട്ട ഒരു ഡയലോഗുണ്ട്. എം.ടി എഴുതുന്ന ചില സംഭാഷണങ്ങൾ പലപ്പോഴും സിനിമയുടെ കേന്ദ്രഭാവത്തെ നിർണയിക്കാറുണ്ട് .
നിർമ്മാല്യത്തിൽ അവസാന രംഗത്തിന് മുൻപ് പി.ജെ. ആന്റണി അവതരിപ്പിച്ച വെളിച്ചപ്പാടിന്റെ കഥാപാത്രം വീട്ടിലേക്ക് വരുമ്പോൾ കവിയൂർ പൊന്നമ്മ അവതരിപ്പിച്ച നാരായണിയെന്ന ഭാര്യയുടെ മുറിയിൽ നിന്ന് നെല്ലിക്കോട് ഭാസ്കരൻ അവതരിപ്പിച്ച മൈമുണിയെന്ന കഥാപാത്രം ഇറങ്ങിപ്പോകുന്നത് കണ്ട്.
'എന്റെ നാല് മക്കളെ പെറ്റ നീയോ നാരായണീ " യെന്ന് ചോദിക്കുന്നുണ്ട്.
അപ്പോൾ അവരുടെ മറുപടി:
ഞാൻ തന്നെയാ. അന്യന്റെ മുഖം നോക്കാതെ വളർന്നവളാണ് ഞാൻ. ഇൗ നാല്പത്തിരണ്ടാം വയസിൽ എന്നെ ഇങ്ങനെയാക്കിയത് നിങ്ങളാണ്. ഇൗ വീട് എങ്ങനെയാ കഴിഞ്ഞിരുന്നേ? ഭഗവതിയെ രക്ഷിക്കാൻ നടന്നപ്പോ ഇൗ വീട്ടിൽ അടുപ്പെരിഞ്ഞിരുന്നില്ല. അതന്വേഷിക്കാൻ ആർക്കും സമയവുമുണ്ടായിരുന്നില്ല. എന്റെ കുട്ടികൾ വിശന്ന് കിടന്നപ്പോ ഭഗവതി അരിയും കാശും കൊണ്ടുവന്ന് തന്നില്ല.ഭാര്യയുടെ ആ വാക്കുകൾ കേട്ടിട്ടാണ് വെളിച്ചപ്പാട് ഭഗവതി വിഗ്രഹത്തിന്റെ മുഖത്ത് തുപ്പുന്നത്.
നിർമ്മാല്യത്തിലെ നായിക കഥാപാത്രത്തിന് ഉണ്ണി നമ്പൂതിരിയോട് പ്രേമമുണ്ടായിരുന്നു. നമ്പൂതിരിക്ക് വേളി (വിവാഹം) വന്ന് പോയിട്ട് വരാമെന്ന് അയാൾ പറയുമ്പോൾ അവൾ പറയുന്ന ഒരു ഡയലോഗുണ്ട്. 'വരില്ലെന്നറിയാം. എന്നാലും ക്ഷണിക്കുകയാണ്. തൊഴാൻ വരൂ. ആത്തേമാരെ എനിക്കും ഒന്നു കാണാലോ." രവിമേനോനും സുമിത്രയും അഭിനയിച്ച ആ രംഗം എം.ടി യുടെ സിനിമകളിൽ അത്ര കണ്ടിട്ടില്ലാത്ത ഒരു പ്രണയബന്ധത്തിന്റെ ഉദാഹരണമാണ്.