jayaraj

ഹോളിവുഡ് സിനിമകൾ ആസ്വദിക്കുന്ന പുതു തലമുറയുടെ ഇഷ്ടാനിഷ്ടങ്ങൾ കൂടി അറിഞ്ഞു വേണം 'ഹൈവേ2' ഒരുക്കേണ്ടത്. സത്യത്തിൽ അതൊരു ചാലഞ്ച് ആണ്

സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിൽ ആരാധകരെ ആവേശത്തിലാഴ്ത്തി ജയരാജ് തന്റെ പുതിയ ചിത്രമായ 'ഹൈവേ 2' പ്രഖ്യാപിച്ചപ്പോൾ മലയാളികൾ യൂ ട്യൂബിൽ തിരഞ്ഞത് 'ഹൈവേ' എന്ന അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണ്. തന്റെ ചിത്രങ്ങളിലൂടെ രണ്ടു ധ്രുവങ്ങളിലെ കഥ പറയാനും അതിലൂടെ ദേശീയ -അന്തർദ്ദേശീയ അവാർഡുകൾ കരസ്ഥമാക്കാനും കഴിഞ്ഞിട്ടുള്ള മലയാളത്തിന്റെ ന്യൂ ജനറേഷൻ സംവിധായകരിലൊരാളാണ് ജയരാജ്. ഉദ്വേഗം നിറഞ്ഞു നിൽക്കുന്ന രീതിയിൽ കഥകൾ പറയുമ്പോൾ ഒരു ജനറേഷൻ മുഴുവനും അദ്ദേഹത്തിന്റെ കഥ പറയുന്ന രീതിയെ പിന്തുടരാൻ ശ്രമിച്ചതിലും ഇന്നുമത് തുടരുന്നതിലും ഒരത്ഭുതവുമില്ല.


'ജോണി വാക്കർ', 'ഹൈവേ' തുടങ്ങിയ സിനിമകളെടുത്ത അതേ ജയരാജ് തന്നെയാണ് 'ശാന്തവും' 'കരുണവും' 'ദേശാടനവും' എടുത്തത്. പരീക്ഷണ ചിത്രങ്ങളുടെ ചലച്ചിത്രകാരൻ ഒരുക്കുന്ന 'ഹൈവേ 2'വിനെപ്പറ്റി?

സിനിമകൾ എപ്പോഴും പരീക്ഷണങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതുകൊണ്ട് തന്നെ പരീക്ഷണചിത്രങ്ങളുടെ ലോകത്തെ ഞാൻ എപ്പോഴും ആസ്വദിക്കുകയാണ് ചെയ്യുന്നത്. 1996ൽ ദേശാടനം എടുത്തത്തിനു ശേഷം സൂപ്പർ താരങ്ങളെ വച്ച് ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഞാനെടുത്തിട്ടില്ല. പക്ഷേ ഇക്കാലയളവിൽ മാറിക്കൊണ്ടിരിക്കുന്ന സിനിമ ലോകത്തെ ഞാൻ നിരീക്ഷിക്കുകയായിരുന്നു. ഒപ്പം പുത്തൻ തലമുറയുടെ ഇഷ്ടാനിഷ്ടങ്ങൾ തീയറ്ററിൽ പോയിരുന്നു വീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഹോളിവുഡ് സിനിമകൾ ആസ്വദിക്കുന്ന പുതു തലമുറയുടെ ഇഷ്ടാനിഷ്ടങ്ങൾ കൂടി അറിഞ്ഞു വേണം 'ഹൈവേ2' ഒരുക്കേണ്ടത്. സത്യത്തിൽ അതൊരു ചാലഞ്ച് ആണ്.


സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിലാണ് 'ഹൈവേ 2'പ്രഖ്യാപനം?

കോവിഡ് കാലത്തിനും മുമ്പെ മനസിൽ വന്നതാണ് 'ഹൈവേ 2'. ഇന്ത്യയുടെ പല ഭാഗത്തും സഞ്ചരിച്ച് ഷൂട്ട് ചെയ്യേണ്ട ഒരു ചിത്രമാണിത്. സുരേഷ്‌ഗോപിയുടെ രാഷ്ട്രീയ തിരക്കുകൾ കാരണം അത് നടന്നില്ലെന്നു മാത്രം. സുരേഷ് ഇപ്പോൾ സിനിമയിൽ സജീവമാകുകയാണ്. അതറിഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തെ കണ്ടു കാര്യം സംസാരിച്ചു. മുന്നോട്ടു പോകാനുള്ള തീരുമാനമെടുത്തപ്പോൾ അനൗൻസ് ചെയ്തു. ഓഗസ്റ്റ് മാസം ഷൂട്ടിംഗ് തുടങ്ങണമെന്നാണ് ഉദ്ദേശിച്ചിരിക്കുന്നത്.

ആദ്യ ഹൈവേയുടെ തുടർച്ചയാണോ 'ഹൈവേ 2'?

ഹൈവേ എന്ന ചിത്രത്തിന്റെ സ്പാർക്കുകൾ ഉൾക്കൊള്ളുന്ന ഒരു ചിത്രമാകും 'ഹൈവേ2'. പക്ഷേ അത് ഒരിക്കലും പൂർണമായ ഒരു തുടർച്ചയാകില്ല എന്ന ഉറപ്പു തരാൻ കഴിയും. കാരണം 27 വർഷങ്ങൾക്കിപ്പുറം ഒരു ബ്രഹ്മാണ്ഡ ചിത്രവുമായി വരുമ്പോൾ അതിനു നേരിടേണ്ടി വരുന്ന ചലഞ്ചുകളും ചെറുതല്ലല്ലോ.


നാഗർകോവിൽ ഭാഗത്താണ് ആദ്യ 'ഹൈവേ'യുടെ ചിത്രീകരണം

നടന്നത്. ഇത്തവണയോ?

ഒരു ഹൈവേയുടെ പ്രത്യേക ഭാഗത്ത് നടക്കുന്ന കഥയാണ് 'ഹൈവേ'യിൽ ഒരുക്കിയത്. എന്നാൽ രണ്ടാം ഭാഗം ഇന്ത്യയുടെ വിവിധ ഹൈവേകളിൽ നടക്കുന്ന കഥയാണ്. മലയാള സിനിമ എന്നതിനപ്പുറം ഹൈവേ 2 ഒരു പാൻ ഇന്ത്യൻ സിനിമയായിട്ടാണ് ഒരുക്കുന്നത്. അതുകൊണ്ട് ഇന്ത്യയുടെ പല ഭാഗങ്ങളിലായാണ് ഷൂട്ടിംഗ് പ്ലാൻ ചെയ്തിരിക്കുന്നത്.

യുവതലമുറ സിനിമയെ പഠിക്കുന്നു. അവരുടെ ആസ്വാദന രീതിയും മാറിയിട്ടുണ്ടല്ലോ?

അതെ, സിനിമയെ അവർ നന്നായി പഠിക്കുന്നുണ്ട്. ഇന്നത്തെ യുവതലമുറയ്ക്ക് നല്ല അറിവാണ്, അവർ അറിവുതേടി പോകാൻ മടിക്കുന്നുമില്ല. അത്തരമൊരു യുവതയ്ക്ക് മുന്നിലേക്കാണ് 'ഹൈവേ 2'വരുന്നത്.

ഹോളിവുഡിനും തെലുങ്കു സിനിമയ്ക്കും തമിഴ് ചിത്രങ്ങൾക്കും കേരളത്തിൽ ഇന്ന് വലിയ മാർക്കറ്റുണ്ട്?

നമ്മുടെ സിനിമയ്ക്ക് അവിടെ പ്രേക്ഷകരെയുണ്ടാക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. കാരണം അവരുടെ സിനിമകളെല്ലാം ആസ്വദിക്കുന്ന പുതുതലമുറയെ ഞാനെന്റെ മകന്റെ കൂടെയിരുന്ന് സിനിമ കാണുമ്പോൾ തീയേറ്ററുകളിൽ കാണാറുണ്ട്. 'ഹൈവേ 2' അത്തരം ഒരു സിനിമയാക്കാനാണ് ശ്രമിക്കുന്നത്.

ഹൈവേ 2 ഒരു ആക്ഷൻ ചിത്രമാണ് എന്നുറപ്പിക്കാമോ?

തീർച്ചയായും. കഥയും കഥാപാത്രങ്ങളും തൽക്കാലം സസ്‌പെൻസാണ്. അതേക്കുറിച്ച് പിന്നീട് പറയാം. ദുരൂഹതകളുള്ള ഒരു ആക്ഷൻ ചിത്രമാകുമിത്. ഒപ്പം ടെക്‌നിക്കലിയും അപ്‌ഡേറ്റഡ് ആയ ഒരു ചിത്രവും.ആ ഒരുറപ്പ് തരാനിപ്പോൾ കഴിയും.