
ഹോങ്കോംഗ്: ദക്ഷിണ ചൈനാക്കടലിലിലുണ്ടായ ചുഴലിക്കാറ്റിൽ തകർന്ന കപ്പലിലെ 27 ജീവനക്കാർക്കായുള്ള തെരച്ചിൽ ശക്തമാക്കി. ഹോങ്കോംഗിനു തെക്കുപടിഞ്ഞാറ് 160 നോട്ടിക്കൽ മൈൽ അകലെ ശനിയാഴ്ച ഉണ്ടായ ചുഴലിക്കാറ്റിലും തിരമാലയിലും അകപ്പെട്ട കപ്പൽ തകർന്ന് പൂർണ്ണമായും കടലിൽ മുങ്ങി.
ഹോങ്കോംഗ് സർക്കാരിന്റെ ഫ്ലൈയിംഗ് സർവീസ് പുറത്തു വിട്ട രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ കപ്പൽ മുങ്ങുന്നത് കാണാം. 30 ജീവനക്കാരുണ്ടായിരുന്ന കപ്പൽ പാതിയോളം മുങ്ങിയപ്പോൾ, രക്ഷാപ്രവർത്തനത്തിനെത്തിയ ഹെലികോപ്റ്റർ മൂന്നുപേരെ രക്ഷപ്പെടുത്തി. പത്തു മീറ്ററിലേറെ ഉയരത്തിൽ തിരമാലകൾ ഉയർന്നതിനാൽ, കാണാതായവർ ഒഴുകിപ്പോയിട്ടുണ്ടാകുമെന്നാണ് നിഗമനം. കനത്ത കാറ്റ് രക്ഷാപ്രവർത്തനത്തിനു തടസ്സമായതായി അധികൃതർ അറിയിച്ചു.