hyrider

എസ്.യു.വി ശ്രേണിയിൽ ഹ്യുണ്ടായ് ക്രെറ്റയും ഹ്യുണ്ടായിയുടെ ഉപകമ്പനിയായ കിയയുടെ സോണറ്റും ഇന്ത്യയിലുയർത്തുന്ന വെല്ലുവിളി നേരിടാൻ ജാപ്പനീസ് കമ്പനിയായ ടൊയോട്ടയും പുത്തൻ മോഡൽ അവതരിപ്പിച്ചു. ഹൈബ്രിഡ് എസ്.യുവിയായ 'അർബൻ ക്രൂസർ ഹൈറൈഡർ" വിപണിയിലിറക്കിയാണ് ടൊയോട്ട പോര് കടുപ്പിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ വാഹന നിർമ്മാണ കമ്പനിയായ ടൊയോട്ട മറ്റൊരു ജാപ്പനീസ് കമ്പനിയായ സുസുക്കിയുമായി സഹകരിച്ച് ഇന്ത്യയിൽ 'സഹകരണ" മോഡലുകൾ നേരത്തെ പുറത്തിറക്കിയിരുന്നു.
ഈ കൂട്ടുകെട്ടിന്റെ പിൻബലത്തിൽ മാരുതി സുസുക്കിയുടെ വിറ്റാര ബ്രെസ പിന്നീട് അർബൻ ക്രൂസർ എന്ന പേരിൽ ടൊയോട്ട ലോഗോയോടെ വിപണിയിൽ എത്തിയിരുന്നു. ക്രെറ്റയും സോണറ്റും ഉയർത്തുന്ന വെല്ലുവിളി നേരിടാൻ ബ്രെസയുടെ പുതിയപതിപ്പ് കഴിഞ്ഞദിവസം മാരുതിയും പുറത്തിറക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ടൊയോട്ട അർബൻ ക്രൂസർ ഹൈറൈഡറും എത്തുന്നതെന്നതിനാൽ മിഡ്-സൈസ് എസ്.യു.വിയിൽ പോര് കടുക്കുമെന്ന് ഉറപ്പായി. ഹൈബ്രിഡ് ശ്രേണിയിൽ ഉൾപ്പെടെ പുതിയ മോഡലുകൾ ഇന്ത്യയിലിറക്കാൻ 4,​800 കോടി രൂപയുടെ നിക്ഷേപപദ്ധതി ടൊയോട്ട ആവിഷ്‌കരിച്ചിട്ടുണ്ട്.

ഹോണ്ട സിറ്റിയെ പോലെ പൂർണമായും ഹൈബ്രിഡ് എൻജിനാണ് ഹൈറൈഡറിലും ഉപയോഗിച്ചിരിക്കുന്നത്. ഈ ക്ലാസിൽ ഹൈബ്രിഡ് എൻജിൻ ഉപയോഗിക്കുന്ന ആദ്യ മോഡൽ കൂടിയാണ് ഹൈറൈഡർ. 1.5 ലിറ്റർ സെൽഫ് ചാർജിംഗ് ഹൈബ്രിഡ് എൻജിനിൽ നിന്ന് ലിറ്ററിന് 26 മുതൽ 28 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമെന്നാണ് നിർമാതാക്കളുടെ അവകാശവാദം. ഹൈബ്രിഡ് ആണെന്നത് ഒഴിച്ചാൽ മാരുതിയുടെ ബ്രെസ, എക്സ് എൽ 6, എർട്ടിഗ എന്നിവയിൽ ഉപയോഗിച്ചിട്ടുള്ള അതേ എൻജിൻ തന്നെയാണ് ഹൈറൈഡറിലും ഉപയോഗിക്കുന്നത്. മറ്റൊരു പ്രത്യേകത ഉപഭോക്താക്കൾക്ക് വേണമെങ്കിൽ ആൾ റൈഡ് വീൽ ഓപ്ഷനും ലഭിക്കുമെന്നതാണ്. ഹൈബ്രിഡ് എൻജിനിലേതെന്നത് പോലെ ആൾ വീൽ റൈഡും ഈ സെഗമെന്റിൽ ആദ്യമാണ്.
ഇതിന്റെ ഭാഗമാണ് പുത്തൻ ഹൈബ്രിഡ് എസ്.യു.വി. അടുത്ത ഉത്സവ‌കാലത്ത് ഈ മോഡൽ ഉപഭോക്താക്കളിലേക്ക് എത്തും. 90 ശതമാനവും ഇന്ത്യൻ നിർമ്മാണഘടകങ്ങൾ ഉപയോഗിച്ചാണ് അർബൻ ക്രൂസർ ഹൈറൈഡറിനെ ഒരുക്കിയിട്ടുള്ളതെന്ന് ടൊയോട്ട പറയുന്നു.
മിഡ്-സൈസ് എസ്.യു.വി ശ്രേണിയിലെ ഏറ്റവും സുരക്ഷിതവും ഇന്ധനക്ഷമത ഏറിയതുമായ മോഡലാണ് അർബൻ ക്രൂസർ ഹൈറൈഡർ. ഇടത്തരം (മിഡ്-സൈസ്)​ സ്പോർട്‌സ് യൂട്ടിലിറ്റി വാഹന (എസ്.യു.വി)​ ശ്രേണിയിൽ നിലവിൽ ഇന്ത്യയിൽ അരങ്ങുവാഴുന്നത് കൊറിയൻ ബ്രാൻഡുകളായ ഹ്യുണ്ടായിയും കിയയുമാണ്. ഇവരുടെ കുത്തക തകർക്കുക ലക്ഷ്യമിട്ടാണ് ടൊയോട്ടയും മാരുതിയും ഈ രംഗത്ത് കൂടുതൽ ശ്രദ്ധയൂന്നുന്നത്. നിലവിൽ ഇന്ത്യയിൽ വിറ്റഴിയുന്ന പാസ‍ഞ്ചർ വാഹനങ്ങളിൽ അഞ്ചിലൊന്ന് മിഡ്-സൈസ് എസ്.യു.വിയാണ്.