
തിരുവനന്തപുരം: സ്കൂളുകളിൽ ഉച്ചഭക്ഷണ ഗുണനിലവാര രജിസ്റ്റർ തയ്യാറാക്കുന്നുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. ഉച്ചഭക്ഷണം കുട്ടികൾക്ക് നൽകുന്നതിനുമുമ്പ് അദ്ധ്യാപകരും സ്കൂൾ മാനേജിംഗ് കമ്മിറ്റിയംഗങ്ങളും രുചിച്ച് നോക്കണം. ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് രജിസ്റ്ററിൽ അഭിപ്രായം രേഖപ്പെടുത്തണം. എഫ്.എസ്.എസ്.എ.ഐ അംഗീകൃതവും എൻ.എ.ബിയിൽ അക്രിഡിറ്റേഷനും ഉള്ള ലബോറട്ടറികളിൽ ഉച്ചഭക്ഷണ സാമ്പിളുകൾ മൈക്രോബയോളജിക്കൽ പരിശോധനയ്ക്ക് വിധേയമാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഭക്ഷണസാധനങ്ങളുടെ ഗുണമേൻമ ഉറപ്പ് വരുത്തേണ്ടത് സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റിയുടെ ഉത്തരവാദിത്തമാണ്. ഭക്ഷണസാധനങ്ങൾ സർക്കാർ അംഗീകൃത ഏജൻസികളിൽ നിന്നും പാൽ പ്രാദേശിക ക്ഷീര സഹകരണ
സംഘങ്ങളിൽ നിന്നോ മിൽമയിൽ നിന്നോ വാങ്ങാനും സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
ബദൽ
സ്കൂളുകൾ
ബദൽ സ്കൂളുകൾ നിറുത്തിലാക്കിയത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രയാസമുണ്ടാക്കില്ലെന്ന് മന്ത്രി പറഞ്ഞു. കുട്ടികൾ തൊട്ടടുത്തെ പ്രൈമറി സ്കൂളുകളിൽ പഠനം തുടരുന്നുണ്ട്.
'കേരള സവാരി'
കേരള സവാരി എന്ന പേരിൽ ഓൺലൈൻ ടാക്സി/ഓട്ടോ സർവീസ് സംസ്ഥാന വ്യാപകമായി ആരംഭിക്കാൻ നടപടി തുടങ്ങിയതായി മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പൈലറ്റ് പ്രോജക്ട് നടപ്പാക്കും. 75 ഓട്ടോകളും 25 ടാക്സികളുമുൾപ്പടെ 100 വാഹനങ്ങളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.