
ഹരിപ്പാട്: ആലപ്പുഴ കൊല്ലം ജില്ലാ അതിർത്തിയിലെ വലിയഴീക്കൽ പാലത്തിന്റെ ആർച്ചിൽ കയറി യുവാക്കൾ നടത്തുന്ന അഭ്യാസപ്രകടനം അധികൃതർക്ക് വീണ്ടും തലവേദനയാകുന്നു. പാലത്തിന്റെ ആർച്ചിൽ യാതൊരു സുരക്ഷാ മുൻകരുതലുകളുമില്ലാതെ കയറുന്ന യുവാക്കളുടെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചു . എപ്പോഴാണ് ഈ ദൃശ്യങ്ങൾ പകർത്തിയതെന്ന് വ്യക്തമായിട്ടില്ല. ഈ ആർച്ചിൽ നിന്ന് കാൽ തെറ്റി വീണാൽ കടലുമായി ബന്ധപ്പെട്ടുകിടക്കുന്ന വലിയഴീക്കൽ പൊഴിയിലേക്കാണ് പതിക്കുക.
പാലം ഗതാഗതത്തിന് തുറന്നു കൊടുത്തതിനു ശേഷം നൂറുകണക്കിനാളുകളാണ് ഇവിടെയെത്തുന്നത്. ഇങ്ങനെയെത്തുന്നവരിൽ ചിലരാണ് ഇവിടെ അപകടകരമായ സാഹസിക പ്രകടനങ്ങൾ നടത്തുന്നത്. ഇത്തരം സംഭവങ്ങൾ വർദ്ധിച്ചതോടെ പൊലീസ് പട്രോളിംഗ് സജീവമാക്കിയിട്ടുണ്ടെങ്കിലും അവരുടെ കണ്ണുവെട്ടിച്ചാണ് ഇത്തരം സാഹസിക പ്രകടനങ്ങൾ. കഴിഞ്ഞ ദിവസം വലിയഴീക്കൽ പാലത്തിലൂടെ അപകടകരമായ രീതിയിൽ ബൈക്കുകളിൽ അഭ്യാസം നടത്തിയവരെക്കുറിച്ച് പൊലീസും മോട്ടർ വാഹന വകുപ്പും അന്വേഷണം നടത്തുന്നതിനിടെയാണ് പുതിയ ദൃശ്യങ്ങൾ പുറത്തുവന്നത്.