
കവിത
ഉണ്മ, നിൻ അജ്ഞാത പൂർണിമ പ്രച്ഛന്ന
മുടയാട മാറുന്നതല്ലൊ,
ആരായുകിൽ നിന്റെ നവ്യ സ്വരൂപങ്ങൾ
ആർത്തു പിറക്കുന്നു നിത്യം,
കാറ്റടിച്ചാൽ രൂപഭേദങ്ങളാർജിക്കു
മാ ഘനധാരകൾ പോലെ,
സ്ഥൂലങ്ങൾ സൂക്ഷ്മത കാട്ടുന്നു നിശ്ചിത
സ്ഥലികൾക്കനിശ്ചിത ഭാവം,
നീ വരും പുഷ്പിതവീഥിയിൽ സങ്കീർണ
നാൾവഴിത്താൾകൾ ചിരിപ്പൂ,
നിന്നെയും തേടിയൊരനുയാത്രികൻ ദീപ
ശിഖയേന്തി സഞ്ചരിക്കുന്നു ,
ചന്ദ്രികാ സൗമ്യമാം താര വാസന്തമോ
ഇന്ദ്രജാലാത്മകം രൂപം?