foodie-wheels

വൈക്കം. കായൽകാറ്റേറ്റുള്ള വിനോദയാത്രയ്ക്കിടെ ഒരു ഭക്ഷണസമയത്തിന്റെ അനുഭൂതി പകരുന്നുണ്ട് ഫുഡീ വീത്സ്. പഴയൊരു കെ.എസ്.ആർ.ടി.സി ബസ്സിൽ കെ.ടി.ഡി.സി കായലോരത്ത് ഒരുക്കിയ ഈ ഭക്ഷണ ശാല വൈക്കത്തുകാർ മാത്രമല്ല, അയൽനാടുകളിൽ നിന്നുള്ളവർ പോലും നെഞ്ചേറ്റിക്കഴിഞ്ഞു. ക്ഷേത്രനഗരിയുടെ മുഖ്യ ആകർഷണങ്ങളിലൊന്നായി ഇതുമാറി.

കെ.ടി.ഡി.സി മോട്ടലിനോടനുബന്ധിച്ച് ഫുഡി വീൽസ് എന്ന പേരിൽ ഒരുക്കിയ റസ്​റ്റോറന്റിന്റെ ഉദ്ഘാടനം കഴിഞ്ഞ നവംബർ 15 ന് അഷ്ടമി കൊടിയേ​റ്റ് ദിവസമായിരുന്നു. വൈക്കം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഓടാതെ കിടന്ന വേണാട് ബസ് വൈക്കത്ത് കായലോരത്തെ മോട്ടൽ ആരാമിന് സമീപം സ്ഥാപിച്ച് രണ്ടു നിലയിലായി നവീകരിച്ചാണ് ഫുഡീ വീൽസ് ഒരുക്കിയത്. കെ.എസ്.ആർ.ടി.സി മെക്കാനിക്കൽ വിഭാഗം ജീവനക്കാരാണ് റസ്​റ്റോറന്റിന്റെ നിർമാണജോലികൾ ന‌ടത്തിയത്. സി.കെ ആശ എം.എൽ.എയുടെ അഭ്യർത്ഥനയെ തുടർന്നാണ് ബസിൽ റസ്​റ്റോറന്റ് എന്ന ആശയത്തിലേക്ക് അധികൃതർ എത്തിച്ചേർന്നത്. ഇരുനില ബസിന്റെ ചു​റ്റും പൂന്തോട്ടം ഒരുക്കി. കായൽക്കാ​റ്റേ​റ്റ് പ്രകൃതിസൗന്ദര്യം ആസ്വദിച്ച് രുചി നുകരാൻ ഇരിപ്പിടങ്ങളും തയ്യാറാക്കി. തുടക്കത്തിൽ ശീതളപാനീയങ്ങളും ചായയും കാപ്പിയും ലഘുഭക്ഷണവുമാണ് ഫുഡീ വീൽസിലെത്തുന്നവർക്ക് നൽകിയിരുന്നത്. ആരാമിൽ നൽകുന്ന എല്ലാ വിഭവങ്ങളും ഇവിടെയും വിളമ്പാനുള്ള തയ്യാറെടുപ്പിലാണ്.


വൈകുന്നേരങ്ങളിലാണ് റസ്​റ്റോറന്റിൽ തിരക്കേറുന്നത്. ബീച്ചിലെത്തുന്നവർക്ക് പുറമേ ഫുഡീ വീൽസിനേക്കുറിച്ച് കേട്ടറിഞ്ഞ് വൈക്കത്തിന് പുറത്തു നിന്നും ആളുകളെത്തുന്നുണ്ട്. ഭക്ഷണം കഴിച്ച് ബസ്സിന് മുന്നിൽ നിന്ന് സെൽഫിയുമെടുത്താണ് സന്ദർശകർ മടങ്ങുന്നത്.

റസ്റ്റോറന്റുകൾ സജ്ജീകരിച്ചത് 40 ലക്ഷം രൂപ മുടക്കി.

കഴിഞ്ഞ ഏഴ് മാസത്തെ ഫുഡീ വീത്സിന്റെ ലാഭം 15 ലക്ഷം.

താഴത്തെ നിലയിൽ എയർ കണ്ടിഷൻ ചെയ്ത ഭക്ഷണശാല.

ഒരേ സമയം അൻപതോളം പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം.

കര മാർഗവും കായൽ മാർഗവും സഞ്ചാരികൾക്ക് എത്താം.

മോട്ടൽ ആരാമിന്റെ മാനേജർ വികാസ് നോബി പറയുന്നു.

പുതിയ അടുക്കളയുടെ പണി പൂർത്തിയായാൽ ഫുഡീ വീത്സിൽ എല്ലാത്തരം വിഭവങ്ങളും നൽകും.