photo

മൃഗസ്നേഹികളെപ്പോലും അങ്കലാപ്പിലാക്കുന്ന തരത്തിലാണ് ജന്തുജന്യരോഗങ്ങളുടെ വർദ്ധന. മനുഷ്യനും മൃഗങ്ങളും ഇടപഴകി ജീവിക്കുന്ന നമ്മുടെ പരിസ്ഥിതിയിൽ ഇരുകൂട്ടരുടെയും ആരോഗ്യം ഒരുപോലെ സംരക്ഷിച്ച് മാത്രമേ നമുക്ക് ജന്തുജന്യരോഗങ്ങളെ തടയാനാകൂ. നേരിട്ടുള്ള സമ്പർക്കത്തിലൂടെയും മൃഗജന്യമായ ഭക്ഷണപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുമ്പോഴും ഉപയോഗിക്കുമ്പോഴും രോഗാണുക്കളാൽ മലിനമാക്കപ്പെട്ട വായു, വെള്ളം എന്നിവയിലൂടെയും ചെള്ള് തുടങ്ങിയ പരാദങ്ങളിലൂടെയും ജന്തുജന്യരോഗങ്ങൾ പകരാം.

പേവിഷബാധയ്‌ക്കെതിരെ ലൂയി പാസ്ചർ ഫലപ്രദമായ വാക്സിൻ കണ്ടുപിടിച്ചതിന്റെ ഓർമ പുതുക്കിയാണ് ലോകജന്തുജന്യരോഗ ദിനം ആചരിക്കുന്നത്. മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പങ്കുവയ്ക്കപ്പെടുന്ന സാംക്രമിക രോഗങ്ങളാണ് ജന്തുജന്യരോഗങ്ങൾ. ഇത്തരം രോഗങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങളിലുണ്ടാക്കുക, നിയന്ത്രണമാർഗങ്ങൾ നടപ്പിലാക്കുക എന്നിവയൊക്കെയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. മനുഷ്യരിൽ പുതുതായി പ്രത്യക്ഷമാകുന്ന സാംക്രമിക രോഗങ്ങളിൽ 75 ശതമാനവും മൃഗങ്ങളിൽനിന്ന് ഉത്ഭവിക്കുന്നതാണ്.


കേരളത്തിൽ വ്യാപകമായ

ജന്തുജന്യരോഗങ്ങൾ


പേവിഷബാധ, എലിപ്പനി, ആന്ത്രാക്സ്, ക്ഷയരോഗം, ബ്രൂസല്ലോസിസ് തുടങ്ങിയവയൊക്കെ കേരളത്തിൽ വ്യാപകമായി കണ്ടുവരുന്നു. പക്ഷിപ്പനി, കുരങ്ങുപനി, നിപ്പരോഗം, വെസ്റ്റ് നൈൽ പനി എന്നിവയൊക്കെ കുറച്ചു വർഷങ്ങൾക്കുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടവയാണ്.


ജന്തുജന്യരോഗങ്ങളും

ഏകാരോഗ്യവും


മനുഷ്യരും മൃഗങ്ങളും ഒന്നിച്ച് വസിക്കുമ്പോൾ മൃഗങ്ങളുടെ ആരോഗ്യപരിപാലനത്തിലൂടെയും പരിസ്ഥിതി സംരക്ഷണത്തിലൂടെയും മാത്രമേ മനുഷ്യരുടെ ആരോഗ്യം സംരക്ഷിക്കാനാവൂ. എല്ലാ മേഖലകളിലെയും വൈദഗ്ദ്ധ്യവും സൗകര്യങ്ങളും ഉപയോഗപ്പെടുത്തിയും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനവും സഹകരണവും വർദ്ധിപ്പിച്ചും സാംക്രമിക രോഗങ്ങളുടെ വ്യാപനവും അതുമൂലമുള്ള സാമ്പത്തിക നഷ്ടവും സാമൂഹികാഘാതവും കുറയ്ക്കുകയാണ് ഏകാരോഗ്യ പ്രവർത്തനത്തിന്റെ ലക്ഷ്യം .
കുട്ടനാട്ടിൽ പക്ഷിപ്പനി, കോഴിക്കോടും മറ്റും നിപ്പ തുടങ്ങിയവ പൊട്ടിപ്പുറപ്പെട്ടപ്പോൾ മൃഗസംരക്ഷണം, ആരോഗ്യം, വനം വകുപ്പുകൾ ഒന്നിച്ച് പ്രവർത്തിച്ചു. പേവിഷബാധ പോലെയുള്ളവയിൽ രോഗനിർണയത്തിന് മൃഗസംരക്ഷണവകുപ്പിന്റെ പാലോട് പ്രവർത്തിക്കുന്ന 'സിയാദ്' പോലെയുള്ള ലാബുകളുടെ സേവനം ആരോഗ്യവകുപ്പിന് യഥേഷ്ടം ലഭിക്കുന്നു.
വെല്ലുവിളി ഉയർത്തുന്ന രോഗമാണ് എലിപ്പനി. രോഗനിർണയം, നിരീക്ഷണം, പ്രതിരോധം, നിയന്ത്രണം എന്നിവയ്‌ക്ക് ആരോഗ്യവകുപ്പിന്റെയും മൃഗസംരക്ഷണവകുപ്പിന്റെയും തദ്ദേശ സ്വയംഭരണവകുപ്പിന്റെയും സംയോജിതമായ പ്രവർത്തനങ്ങൾ അനിവാര്യമാണ് .

രോഗബാധിതരായ വളർത്തുമൃഗങ്ങളിൽ നിന്നും എലിമൂത്രത്താൽ മലീമസമായ വെള്ളക്കെട്ടുകളിൽ നിന്നുമൊക്കെ എലിപ്പനിയുടെ രോഗാണുക്കൾ മനുഷ്യരിലേയ്ക്ക് പകരാം.
വളർത്തുമൃഗങ്ങളായ പശു, ആട്, പന്നി എന്നിവയിൽ കണ്ടുവരുന്ന ബ്രസല്ലോസിസും മനുഷ്യരിലേയ്ക്ക് പടരാൻ സാദ്ധ്യതയുണ്ട്. ഈ കാലയളവിൽ മനുഷ്യരിലും മൃഗങ്ങളിലും പ്രസ്തുതരോഗം കൂടുതലായി റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ട്. നേരിട്ടുള്ള സമ്പർക്കം, നന്നായി തിളപ്പിക്കാത്ത പാൽ, പാലുത്‌പന്നങ്ങൾ എന്നിവയിലൂടെ രോഗം പടരും. രോഗനിയന്ത്രണത്തിനും പ്രതിരോധത്തിനും ഏകാരോഗ്യ കാഴ്ചപ്പാടുണ്ടായിരിക്കണം.
മറ്റൊരു പ്രധാനപ്പെട്ട ജന്തുജന്യരോഗമായ ആന്ത്രാക്സ് കഴിഞ്ഞ ദിവസങ്ങളിൽ തൃശൂർ ജില്ലയിലെ അതിരപ്പള്ളി മേഖലയിൽ കാട്ടുപന്നികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു.
തിരുവനന്തപുരം ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ചെള്ള് പനി രണ്ടുജീവനുകളാണ് അപഹരിച്ചത്. പണ്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന കരിമ്പനി എന്ന രോഗവും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു.

എന്തുകൊണ്ട് വർദ്ധിക്കുന്നു?


വർദ്ധിക്കുന്ന വനനശീകരണം, നഗരവത്‌കരണം എന്നിവ മൃഗങ്ങളുടെ ആവാസവ്യവസ്ഥകളിൽ കാര്യമായ മാറ്റങ്ങളുണ്ടാക്കിയിരിക്കുന്നു. ഈ കാലയളവിലുണ്ടായ നിപ്പ രോഗബാധ, കുരങ്ങുപനി എന്നിവയുടെ ആവിർഭാവം ഇവയുമായി ബന്ധപ്പെടുത്താം.


നിയന്ത്രണത്തിന്


• വ്യക്തിശുചിത്വം, പരിസരശുചിത്വം, കൊതുക്, ചെള്ള്, പട്ടുണ്ണി എന്നിവയുടെ നിയന്ത്രണം, പരിസ്ഥിതി സംരക്ഷണം .
• ശ്രദ്ധയോടു കൂടിയ മൃഗപരിപാലനം, വ്യക്തിസുരക്ഷാ ഉപാധികളുടെ ഉപയോഗം, സുരക്ഷിതമായ ലബോറട്ടറി പ്രവർത്തനങ്ങൾ .
• വേഗത്തിലുള്ള രോഗനിർണയം, കൃത്യമായ ചികിത്സ, പ്രതിരോധ വാക്സിനുകളുടെ ഉപയോഗം എന്നിവ രോഗനിയന്ത്രണത്തിന് അത്യാവശ്യമാണ്.