ola-cab

ചെന്നൈ: ഒ ടി പി സംബന്ധിച്ച തർക്കത്തിൽ യാത്രക്കാരനെ മർദിച്ചുകൊന്ന ഒല ഡ്രൈവർ അറസ്റ്റിൽ. കഴിഞ്ഞ ഞായറാഴ്ച ചെന്നൈയിലാണ് സംഭവം നടന്നത്. ടാക്‌സിയിൽ കയറുന്നതിന് മുൻപ് ഒ ടി പി നൽകുന്നതിൽ കാലതാമസമുണ്ടാവുകയും ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്.

കോയമ്പത്തൂരിലെ സോഫ്‌റ്റ്‌വെയർ കമ്പനിയിൽ ജോലിചെയ്യുന്ന ഉമേന്ദ്രയാണ് കൊല്ലപ്പെട്ടത്. ബന്ധുവിനെ കാണുന്നതിനായി ഭാര്യയും കുട്ടികളുമൊത്ത് ചെന്നൈയിൽ എത്തിയതായിരുന്നു ഇയാൾ. ഞായറാഴ്ച സിനിമ കണ്ട് മടങ്ങുന്നതിനിടെ ഉമേന്ദ്രയുടെ ഭാര്യ ഒല ടാക്‌സി ബുക്ക് ചെയ്തു. ടാക്‌സി എത്തിയപ്പോൾ ഒ ടി പിയുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ ഉയർന്നിരുന്നു.

പിന്നാലെ ഒ ടി പിയിൽ വ്യക്തവരുത്താൻ പറഞ്ഞ് ഉമേന്ദ്രയോടും കുടുംബത്തോടും ടാക്‌സിയിൽ നിന്നിറങ്ങാൻ ഡ്രൈവർ ആവശ്യപ്പെട്ടു. ഇതേത്തുർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയായിരുന്നു. തുടർന്ന് ഡ്രൈവർ തന്റെ മൊബൈൽ ഫോൺ ഉമേന്ദ്രയുടെ മേൽ എറിയുകയും തുടർച്ചയായി മർദിക്കുകയും ചെയ്തു. മർദനത്തെത്തുടർന്ന് ബോധരഹിതനായ ഉമേന്ദ്രയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.