കൊവിഡ് വന്നുപോയവരെല്ലാം പറയുന്ന പ്രധാന പരാതി മുടികൊഴിച്ചിലാണ്. കരുത്തുറ്റ മുടിയുള്ളവർ പോലും കൊവിഡിന് ശേഷം രൂക്ഷമായ മുടി കൊഴിച്ചിൽ നേരിടുന്നവരാണ്. പല പരീക്ഷണങ്ങളും നടത്തി തളർന്ന അവസ്ഥയിലാകും പലരും. എന്നാൽ അമിത ചെലവില്ലാതെ രണ്ടോ മൂന്നോ മാസത്തെ പരിശ്രമം കൊണ്ട് നഷ്ടപ്പെട്ട മുടിയെല്ലാം തിരിച്ചു പിടിക്കാവുന്നതേയുള്ളൂ. അതിന് സഹായിക്കുന്ന ഏറ്റവും നല്ല പരിഹാരമാർഗങ്ങൾ ഇവയാണ് ..
ആവണക്കെണ്ണ തലമുടിയിൽ തേച്ച് പിടിപ്പിക്കുന്നത് മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുമെന്ന കാര്യത്തിൽ തർക്കമില്ല. കൊവിഡിന് ശേഷം മുടി കൊഴിയുന്നവർക്ക് ധൈര്യമായി പരീക്ഷിക്കാവുന്ന എണ്ണയാണിത്. വെളിച്ചെണ്ണയ്ക്കൊപ്പം ചേർത്ത് തലയിൽ തേച്ചു പിടിപ്പിക്കുന്നതാണ് നല്ലത്. ഒലിവ് എണ്ണ, നല്ലെണ്ണ, ചെമ്പരന്തിയെണ്ണ, കാച്ചിയ എണ്ണ ഒക്കെ മുടി വളരാൻ സഹായിക്കുന്നവയാണ്.
മുടി വളർത്താൻ ആഗ്രഹിക്കുന്നവർക്ക് മുടി വെട്ടാൻ മടി തോന്നുക സ്വാഭാവികമാണ്. എന്നാൽ, കൃത്യമായ ഇടവേളകളിൽ മുടി വെട്ടുന്നത് മുടിയുടെ വളർച്ചയെ വേഗത്തിലാക്കും. കഴിവതും രണ്ട് മാസത്തെ ഇടവേളകളിലെങ്കിലും മുടിയുടെ തുമ്പ് മുറിക്കാൻ ശ്രദ്ധിക്കാം. ഇത് മുടിയുടെ അറ്റം പൊട്ടി പോകുന്ന പ്രശ്നത്തിനും പരിഹാരമാണ്. പതിവായി മുടി അഴിച്ചിടുന്നവരിൽ തുമ്പ് തേയാനും സാദ്ധ്യതയുണ്ട്. അതിനും പരിഹാരമാണ് ഇടയ്ക്കിടയ്ക്കുള്ള ഈ മുടിവെട്ടൽ.
ഹെയർപാക്കുകളാണ് മറ്റൊരു പോംവഴി. ആഴ്ചയിലൊരിക്കലോ മാസത്തിൽ ഒരിക്കലോ എങ്കിലും ഹെയർപാക്കുകൾ മുടിയിൽ പരീക്ഷിക്കാവുന്നതാണ്. ഓരോരുത്തരുടെയും മുടിയുടെയും തലയുടെയും സ്വഭാവം അറിഞ്ഞുവേണം പാക്കുകൾ തയ്യാറാക്കാൻ. തലയ്ക്ക് തണുപ്പ് കിട്ടുന്ന ചേരുവകൾ അധികം ചേർക്കുന്നത് ജലദോഷം പോലുള്ള അസുഖങ്ങൾക്ക് കാരണമായേക്കാം. ഹെയർപാക്കിന് ശേഷം മുടിയിൽ ആവി പിടിപ്പിക്കാനും ശ്രദ്ധിക്കണം. ടവൽ ചൂടുവെള്ളത്തിൽ മുക്കി പിഴിഞ്ഞെടുത്ത് ആവി പിടിപ്പിക്കുന്നതാണ് നല്ലത്.
ഇടയ്ക്കിടെ പല്ലകലമുള്ള ചീപ്പ് ഉപയോഗിച്ച് ചീകുന്നതും മുടി വളർച്ചയെ സഹായിക്കും. തലയോട്ടിയിൽ രക്തയോട്ടം വർദ്ധിപ്പിക്കാനും മുടിയുടെ വരൾച്ച കുറയ്ക്കാനുമെല്ലാം മുടി ചീകുന്നതിലൂടെ സാദ്ധ്യമാകും. രാത്രി ഉറങ്ങുന്നതിന് മുന്നേ മുടി ചീകി കെട്ടുകൾ അഴിച്ചശേഷം വേണം കിടക്കാൻ.