rupee-down

 രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ചയിൽ

കൊച്ചി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ 41 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ചയായ 79.36ലെത്തി. 79.04ലാണ് രൂപ ഇന്നലെ വ്യാപാരം ആരംഭിച്ചത്. മൂല്യം ഒരുവേള 79.02ലേക്ക് മെച്ചപ്പെട്ടെങ്കിലും പിന്നീട് സർവകാല താഴ്‌ചയായ 79.38വരെ തകർന്നടിഞ്ഞു.

നോവിച്ച് ഡോളർ

ആഗോളതലത്തിൽ ഡോളറിന് പ്രിയമേറുന്നതും ക്രൂഡോയിൽ, മറ്റ് കമ്മോഡിറ്റികൾ എന്നിവയ്ക്കടക്കം വില കുതിച്ചുയർന്നതോടെ ഇറക്കുമതിച്ചെലവ് വർദ്ധിച്ചതും വ്യാപാരക്കമ്മി, കറന്റ് അക്കൗണ്ട് കമ്മി എന്നിവ റെക്കാഡ് ഉയരത്തിൽ എത്തിയതുമാണ് രൂപയെ തളർത്തുന്നത്.

ഇന്ത്യൻ ഓഹരികളിൽ നിന്നുള്ള വിദേശനിക്ഷേപത്തിന്റെ കൊഴിഞ്ഞുപോക്കും തിരിച്ചടിയാണ്. തിങ്കളാഴ്ച മാത്രം 2,149.56 കോടി രൂപ വിദേശ നിക്ഷേപകർ പിൻവലിച്ചിരുന്നു.

82ലേക്ക്

രൂപയുടെ തകർച്ചയുടെ ആക്കംകുറയ്ക്കാൻ സ്വർണ ഇറക്കുമതിത്തീരുവ കൂട്ടിയതുൾപ്പെടെ നടപടികൾ കേന്ദ്രമെടുത്തിട്ടുണ്ട്. ഡോളർ വിറ്റഴിച്ച് റിസർവ് ബാങ്കും പിന്തുണ നൽകുന്നു. അടുത്തസെഷനുകളിൽ 78.50-80 നിലവാരത്തിൽ രൂപ തുടരുമെന്നാണ് വിലയിരുത്തലുകൾ. മാസങ്ങൾക്കകം മൂല്യം 82ലേക്ക് ഇടിഞ്ഞേക്കാമെന്ന് ജാപ്പനീസ് ബ്രോക്കറേജ് സ്ഥാപനമായ നോമുറ അഭിപ്രായപ്പെട്ടു.