pc

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയിൽ പി.സി ജോർജിനെതിരെ വീണ്ടും കേസെടുത്ത് മ്യൂസിയം പൊലീസ്. സ്‌ത്രീത്വത്തെ അപമാനിച്ചതിനടക്കമാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 509പ്രകാരം മൂന്ന് വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ജോർജിനെതിരെ ചുമത്തിയത്. മാദ്ധ്യമ പ്രവർത്തകയുടെ പരാതിയിലാണ് കേസെടുത്തത്.

സോളാർ കേസ് പ്രതി നൽകിയ പീഡനകേസിൽ അറസ്‌റ്റിലായ ജോർജ് തൈക്കാട് ഗസ്‌റ്റ് ഹൗസിൽ നിന്നും പുറത്തുവരവെ മാദ്ധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഇതിനിടെയായിരുന്നു സംഭവം. പീഡനത്തിനിരയായ സ്‌ത്രീയുടെ പേര് പുറത്തുപറഞ്ഞത് തെറ്റല്ലേ എന്ന ചോദ്യത്തിന് എന്നാൽ തന്റെ പേര് പറയട്ടെയെന്നായിരുന്നു ജോർജിന്റെ മറുപടി. ഇതിന്റെ ദൃശ്യങ്ങൾ പരിശോധിച്ചശേഷം പൊലീസ് തുടർന‌ടപടിയെടുക്കുമെന്നാണ് സൂചന.

എല്ലാ ശനിയാഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം,​ മൂന്ന് മാസക്കാലം ഇത് തുടരണം എന്നിങ്ങനെ കർശന വ്യവസ്ഥയിലാണ് പീഡനകേസിൽ പി.സി ജോർജിന് തിരുവനന്തപുരം ഒന്നാംക്ളാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ന് അടുത്ത കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.