upi

വിദേശത്ത് നിന്നും നാട്ടിലേയ്ക്ക് ഇനി കുറഞ്ഞ ചെലവിൽ പണമയക്കാം. അന്താരാഷ്ട്ര പണമിടപാട് സംവിധാനമായ സ്വിഫ്റ്റിന് ബദല്‍ മാർഗം വികസിപ്പിക്കാൻ ഒരുങ്ങുകയാണ് നാഷണല്‍ പെയ്‌മെന്റ് കോര്‍പറേഷന്‍ ഒഫ് ഇന്ത്യ(എന്‍.പി.സി.ഐ). യു.പി.ഐ അധിഷ്‌ഠിത സേവനമാകും വരിക. ഇതോടെ മൂന്ന് കോടിയിൽപ്പരം ഇന്ത്യാക്കാർക്ക് കുറഞ്ഞ ചെലവിൽ നാട്ടിലേയ്‌ക്ക് പണമയക്കാൻ സാധിക്കും.

87 ബില്യൺ ഡോളറാണ് വിദേശ ഇന്ത്യക്കാർ കഴിഞ്ഞ വർഷം നാട്ടിലേയ്ക്ക് അയച്ചതെന്ന് വേൾഡ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 200 ഡോളര്‍ നാട്ടിലേയ്ക്ക് അയക്കണമെങ്കിൽ 13 ഡോളറാണ് നിലവിലെ ചെലവെന്ന് എന്‍.പി.സി.ഐ ഇന്റര്‍നാഷണല്‍ പെയ്‌മെന്റ്‌സ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ റിതേഷ് ശുക്ല ചൂണ്ടിക്കാട്ടി.

upi

വിദേശ ഇന്ത്യക്കാര്‍ക്കും പതിവായി പുറത്തേയ്ക്ക് യാത്രചെയ്യുന്നവര്‍ക്കും പുതിയ സംവിധാനം ഉപകാരപ്പെടും. ഇപ്പോൾ ഉപയോഗിക്കുന്ന സ്വിഫ്റ്റ് പോലുള്ള സംവിധാനം നിർത്തലാക്കില്ല. പകരം ഇവയ്‌ക്കൊപ്പം തന്നെ പുതിയ രീതിയും പ്രാബല്യത്തിൽ വരുമെന്ന് ശുക്ല വ്യക്തമാക്കി.

330 ബാങ്കുകളും 25 ആപ്പുകളും എന്‍.പി.സി.ഐയുടെ ഏകീകൃത പണമിടപാട് പ്ലാറ്റ്‌ഫോമായ യു.പി.ഐ നിലവിൽ ഉപയോഗിക്കുന്നുണ്ട്. രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടിൽ കുതിപ്പുണ്ടായതിൽ യു.പി.ഐയുടെ പങ്ക് വളരെ വലുതായിരുന്നു. യു.പി.ഐയെ മറ്റ് രാജ്യങ്ങളിലെ പണമിടപാട് സംവിധാനങ്ങളുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളും എന്‍.പി.സി.ഐ നടത്തുന്നുണ്ട്.