money

അത്യാവശ്യത്തിനായി പണം അയക്കുമ്പോൾ അക്കൗണ്ട് മാറിപ്പോവുക എന്നത് എത്ര വിഷമകരമായ കാര്യമാണ് അല്ലേ? ഇത്തരത്തിൽ അക്കൗണ്ട് മാറി ലക്ഷങ്ങളാണ് നഷ്ടപ്പെടുന്നതെങ്കിലോ. ഇങ്ങനെ മുംബയിൽ ഒരു യുവതിക്ക് നഷ്ടപ്പെട്ടത് ഏഴ് ലക്ഷം രൂപയാണ്. സൈബർ പൊലീസിന്റെ അന്വേഷണത്തിലൂടെ പണം കിട്ടിയ അക്കൗണ്ട് ഉടമയെ കണ്ടെത്തിയെങ്കിലും ആ തുക തനിക്ക് ലോട്ടറിയടിച്ചതാണെന്ന് പറ‌ഞ്ഞ് തിരികെ കൊടുക്കാൻ വിസമ്മതിക്കുകയായിരുന്നു.

ജൂൺ 29നാണ് സംഭവം നടന്നത്. മുംബയ് മിരാ റോഡിൽ താമസക്കാരിയായ യുവതി തന്റെ ബന്ധുക്കൾക്ക് പണം അയക്കുന്നതിനിടെയാണ് അക്കൗണ്ട് മാറിപ്പോയത്. അക്കൗണ്ട് നമ്പറിൽ ഒരക്കം മാറിപ്പോയതിനെതുടർന്ന് ഏഴ് ലക്ഷം രൂപ മറ്റൊരാളുടെ അക്കൗണ്ടിലേയ്ക്ക് പോവുകയും ചെയ്തു. ഉടൻ തന്നെ ഇവർ ബാങ്കിനെ സമീപിച്ചെങ്കിലും യുവതിയുടെ ഭാഗത്താണ് തെറ്റെന്നും പണം തിരികെ കിട്ടുന്നതിൽ സഹായിക്കാൻ കഴിയില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. തുടർന്ന് ജൂൺ 30ന് യുവതി വാസൈ വീരാർ പൊലീസ് സൈബർ സെല്ലിന്റെ സഹായം തേടി. പണം ലഭിച്ച അക്കൗണ്ട് ഉടമയെ കണ്ടെത്തി പണം തിരികെ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഈ തുക തനിക്ക് ലോട്ടറി അടിച്ചതാണെന്നും അതിനാൽ അത് തിരികെ കൊടുക്കാൻ സാദ്ധ്യമല്ല എന്നുമാണ് ഇയാൾ ആദ്യം പറഞ്ഞത്. നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞതോടെയാണ് ഇയാൾ പണം തിരികെ നൽകാൻ തയാറായത്.