
ഏറ്റുമാനൂർ. മഹാദേവ ക്ഷേത്രത്തിലെ പൗരാണികമായ ചുവർചിത്രങ്ങൾ കാലഹരണപ്പെടുന്നു. പടിഞ്ഞാറേ ഗോപുര മാളികയിൽ നൂറ്റാണ്ടുകൾക്ക് മുൻപ് പ്രകൃതിയിൽ നിന്നുള്ള ചായങ്ങൾ ചാലിച്ച് രചിച്ചതാണ് ഈ ചുവർ ചിത്രങ്ങൾ. ഇവ വേണ്ട വിധം സംരക്ഷിക്കാത്തതിനാൽ ഭിത്തിയുടെ ഭാഗങ്ങൾ ഇടിഞ്ഞ് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.
ഏറ്റുമാനൂരപ്പന്റെ അഘോരമൂർത്തിഭാവം, ശിവതാണ്ഡവം, ദാരിക ശിരസേന്തിയ ഭദ്രകാളി, പ്രദോഷ നൃത്തം, കാളിയമർദ്ദനം, ഗോപികമാരുടെ വസ്ത്രാപഹരണം, അനന്തശയനം എന്നിവ അടങ്ങിയ പുരാണ കഥാരൂപങ്ങളാണ് ചുവർചിത്രങ്ങൾക്ക് ആധാരം. ഇത് സംരക്ഷിക്കാതെ ക്ഷേത്ര വളപ്പിൽ പുതിയ ചുവർ ചിത്രം വരയ്ക്കാൻ നടത്തുന്ന നീക്കങ്ങളിൽ ദുരൂഹതയുണ്ടെന്നാണ് ഭക്തജനങ്ങളുടെ ആരോപണം.
ദേവസ്വം ജീവനക്കാരുടെ നിരുത്തരവാദപരമായ പ്രവൃത്തികളാണ് ക്ഷേത്രത്തിലെ വിലമതിക്കാനാവാത്ത പൗരാണിക അവശേഷിപ്പുകൾ നശിക്കാനിടയാക്കുന്നത്. കാണിക്ക എണ്ണിത്തിട്ടപ്പെടുത്തുന്നതിനും വഴിപാട് രസീതുകൾ വച്ചെഴുതുന്നതിനും ഉള്ള ഇരുമ്പ് മേശകൾ ഉപയോഗത്തിനു ശേഷം ചാരി വയ്ക്കുന്നത് ഈ ചുവർ ചിത്രങ്ങൾക്കു മേലാണ്.
ഏഴരപ്പാെന്നാനകൾക്ക് കേടുപാടുകൾ സംഭവിച്ചതും ജീവനക്കാരുടെ ഇത്തരത്തിലുള്ള ഉത്തവാദിത്വമില്ലായ്മ കൊണ്ടാണ്. നിലവിലുള്ള ചരിത്രസ്മാരകങ്ങൾ വേണ്ട വിധത്തിൽ സംരക്ഷിക്കാതെ ഭക്തജനങ്ങൾക്ക് കണ്ടാസ്വദിക്കുന്നതിന് എന്ന പേരിൽ ക്ഷേത്രവളപ്പിൽ പുതിയ ചുവർ ചിത്രങ്ങൾ വരയ്ക്കാൻ നടത്തുന്ന നീക്കങ്ങൾ ഭക്തജനങ്ങളെ ചൂഷണം ചെയ്ത് പണപ്പിരിവ് നടത്തി പുതിയ അഴിമതിക്ക് കോപ്പുകൂട്ടലാണെന്നാണ് ഭക്തജനങ്ങളുടെ ആക്ഷേപം. വഴിപാടായി ലഭിച്ച സ്വർണ്ണത്തിന്റെ കണക്കിൽ ക്രമക്കേട് നടന്നതായി അടുത്തിടെ പുറത്തുവന്ന ഓഡിറ്റിംഗ് റിപ്പോർട്ടുകളിലും ഭക്തജനങ്ങൾ രാേഷാകുലരാണ്.
ക്ഷേത്ര ഉപദേശക സമിതി മുൻ അംഗം കെ.എസ് രഘുനാഥൻ പറയുന്നു.
'പ്രാധാന്യം മനസ്സിലാക്കാത്ത ചില ജീവനക്കാരുടെ അശ്രദ്ധ മൂലമാണ് ചുവർചിത്രത്തിന് കേടുപാടുകൾ ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ മുകളിൽ ഇരുമ്പ് മേശകൾ ചാരി വച്ചിരിക്കുന്നത് നേരിൽ കാണാൻ ഇടയായി. ദേവസ്വം ബോർഡ് ചിത്രങ്ങൾ നന്നാക്കുമ്പോൾ ഇവിടത്തെ ജീവനക്കാർ അത് സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. പുതിയ ചിത്രങ്ങൾ വരയ്കുന്നതിലും പ്രാധാന്യം നൽകേണ്ടത് പഴയത് സംരക്ഷിക്കാനാവണം'.