
ജീവിതത്തിൽ അപ്രക്ഷീതമായിട്ടുണ്ടാകുന്ന തിരിച്ചടികളിൽ തകർന്നു പോകുന്നവരാണ് ഏറെയും. എന്നാൽ ചിലർ തകർച്ചകളിൽ നിന്നും ഫീനിക്സ് പക്ഷിയെ പോലെ പറന്നുയരാറുണ്ട്. മഹോഗണി ഗെറ്റർ എന്ന ഇരുപത്തിനാലുകാരി അത്തരമൊരു ഊർജമാണ് ചുറ്റിലുമുള്ളവരിലേക്ക് പകരുന്നത്.
തന്റെ ഏറ്റവും വലിയ കുറവിനെ തന്നെയാണ് ഇന്നവൾ ഏറ്റവുമധികം മാർക്കറ്റ് ചെയ്യുന്നതും. ലിംഫെഡെമ എന്ന അസുഖമാണ് മഹോഗണിക്ക്. രോഗം മൂർച്ഛിച്ചതോടെ ഒരു കാലിൽ നീര് വന്ന് ഭാരം വയ്‌ക്കാൻ തുടങ്ങി. ഇന്നിപ്പോൾ ഏതാണ്ട് 45 കിലോ ഭാരം മാത്രം ഇടതുകാലിനുണ്ടാകും.
ശരീരത്തിലെ മൃദുവായ ടിഷ്യുകളിൽ ആക്സസ് ദ്രാവകം അടിഞ്ഞു കൂടുന്നതുമൂലമാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. ഈ രോഗം പൂർണമായും ചികിത്സിച്ച് മാറ്റാനാകില്ല എന്നതാണ് യാഥാർത്ഥ്യം.

കുട്ടിക്കാലം മുതൽ മോഡലിംഗിനോട് ഇഷ്ടക്കൂടുതലായിരുന്നു. കൂട്ടുകാരുടെ കളിയാക്കലുകൾ പലപ്പോഴും അവളെ പിന്നിലോട്ട് വലിച്ചിരുന്നു. എന്നാൽ, മുതിർന്നപ്പോൾ തന്റെ പോരായ്‌മയെ എന്തുകൊണ്ട് ഒരു നേട്ടമാക്കിക്കൂട എന്നവൾ ചിന്തിച്ചു. അങ്ങനെ ചെറുപ്പം മുതൽ ഇഷ്ടപ്പെട്ട മോഡലിംഗ് പ്രൊഫഷനിലേക്ക് അവൾ തിരിഞ്ഞു.
തുടക്കകാലം ഒട്ടും നല്ലതായിരുന്നില്ല. പലതരത്തിലുള്ള വിമർശനങ്ങളും ആക്ഷേപങ്ങളും കേൾക്കേണ്ടി വന്നു. പക്ഷേ ജീവിച്ചു കാണിക്കണമെന്ന വാശിയിൽ അവൾ മോഡലിംഗ് തുടർന്നു. ഇന്ന് ലോകത്തെ തന്നെ വിസ്‌മയിപ്പിച്ച മോഡലായി മാറിയിരിക്കുകയാണ് മഹോഗണി.

വളരെക്കാലം ഞാൻ എന്നെപ്പറ്റി വളരെ മോശമായാണ് ഞാൻ ചിന്തിച്ചുകൊണ്ടിരുന്നത്. എന്നാൽ വളർന്നപ്പോൾ, ഓൺലൈൻ ലിംഫെഡെമ സമൂഹവും എന്റെ അമ്മയുടെ പിന്തുണയും ഞാൻ എത്ര സുന്ദരിയാണെന്ന് മനസിലാക്കി തന്നു.
കാഴ്ചയിൽ മാത്രമല്ല, മനുഷ്യരിലും ഞാൻ നല്ലവളാണ്. അകത്തും പുറത്തും ഞാൻ സുന്ദരിയാണെന്ന് ഞാൻ വിശ്വസിക്കുന്നു.' ഡെയ്‌ലി മെയിലിന് നൽകിയ അഭിമുഖത്തിൽ മഹോഗണി പറഞ്ഞു.
തുടക്കത്തിൽ കേട്ട നെഗറ്റീവ് കമന്റുകളും പരിഹാസമൊന്നും ഇന്ന് അവളെ തെല്ലും അസ്വസ്ഥപ്പെടുത്തുന്നില്ല. ഓരോരുത്തരും അവരവരുടെ കഴിവുകൾ കണ്ടെത്തി ജീവിതം ആസ്വദിക്കണമെന്നാണ് മഹോഗണി പറയുന്നത്.
സമൂഹം തന്റെ കുറവായി വിധിയെഴുതിയ അതേ കാൽ വച്ചാണ് മോഡലിംഗിൽ അവൾ ശ്രദ്ധ നേടുന്നത്. തന്നെ പോലെ ജീവിതത്തിൽ അപ്രതീക്ഷിതമായി പ്രതിസന്ധി നേരിടേണ്ടി വന്നവർക്കെല്ലാം തന്റെ ജീവിതം ഒരു പ്രചോദനമാകുമെന്നും മഹോഗണി പറയുന്നു.