
തിരുവനന്തപുരം:നിശബ്‌ദമായ സമാധാന പ്രവർത്തനങ്ങളിലൂടെ ഗാന്ധിമാർഗത്തിന്റെ കരുത്തും പ്രസക്തിയും തെളിയിച്ച കർമയോഗിയായിരുന്നു പി.ഗോപിനാഥൻ നായരെന്നാണ് അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്ന അജിത്ത് വെണ്ണിയൂർ ഓർക്കുന്നത്.കേരള ഗാന്ധി സ്‌മാരകനിധി മുൻ സെക്രട്ടറിയും 'ഗാന്ധിമാർഗം' മുൻ പത്രാധിപരുമായ അജിത്തിന് ഗോപിനാഥൻ നായരെന്നാൽ ഗാന്ധിയൻ ആശയങ്ങളുടെ പര്യായമാണ്. പ്രസിദ്ധിയുടെ പിന്നാലെ പോകാതെ പ്രവൃത്തിയിൽ മാത്രം മുഴുകിയ ഗോപിനാഥൻനായർക്കൊപ്പം പ്രവർത്തിച്ച കാലം ഓർത്തെടുക്കുകയാണ് അജിത്ത്.
മാറാട് കൂട്ടക്കൊലയുടെ ആഘാതം കേരളത്തെ വരിഞ്ഞുമുറുക്കിയ കാലം. പ്രതികാരം പേടിച്ച് പലായനം ചെയ്‌ത കുടുംബങ്ങൾ. സാമൂഹികസമാധാനം തിരികെകൊണ്ടുവരാൻ തടസങ്ങളേറെയായിരുന്നു.പരസ്പരവിശ്വാസം വീണ്ടെടുക്കുന്നതിൽ രാഷ്ട്രീയസാമുദായിക സംഘടനകൾ പരാജയപ്പെട്ടു. വിദ്യാലയങ്ങളും ദേവാലയങ്ങളും പൂട്ടി. സംഘടനകളും സർക്കാരും നടത്തിയ സമവായ പരിശ്രമങ്ങൾ അവകാശവാദങ്ങളിലും പരസ്പര ആരോപണങ്ങളിലും തട്ടി വഴിമുട്ടിയപ്പോൾ മദ്ധ്യസ്ഥന്റെ ആവശ്യം അനിവാര്യമായി.ഇരുപക്ഷങ്ങളും തമ്മിലുള്ള മാരത്തൺ ചർച്ചകൾക്കിടയിൽ അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണി മുന്നോട്ടുവച്ച നിർദ്ദേശം കക്ഷികൾ അംഗീകരിച്ചതോടെ കേരള ഗാന്ധിസ്മാരക നിധി ദൗത്യം ഏറ്റെടുത്തു.അന്ന് നിധി ചെയർമാനായിരുന്നു ഗോപിനാഥൻനായർ.അക്കാലത്ത് ഗാന്ധിസ്മാരകനിധി സെക്രട്ടറിയായി അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഞാൻ അഭിമാനത്തോടെ ഓർക്കുന്നു.അറുപത്തിയഞ്ച് ദിവസം നീണ്ട സത്യഗ്രഹവും മൂന്നുമാസത്തിലേറെ നീണ്ട ദ്വിമുഖപ്രവർത്തനങ്ങളിലൂടെയുമാണ് പ്രശ്നപരിഹാരത്തിൽ സമവായം സാദ്ധ്യമായതെന്ന് അജിത്ത് വെണ്ണിയൂർ പറഞ്ഞു.