
സാമ്പത്തിക തകർച്ചയിലായ ശ്രീലങ്കയ്ക്ക് വാരിക്കോരി സഹായങ്ങൾ നൽകിയ ഇന്ത്യ ഒടുവിൽ ആ വാതിൽ അടയ്ക്കുന്നെന്ന് സൂചന. ഇനി മുതൽ മുൻകൂർ പണം നൽകിയാൽ മാത്രമേ ഇന്ത്യ ശ്രീലങ്കയ്ക്ക് ഇന്ധനം നൽകുകയുള്ളു. ഇന്ധനം വാങ്ങുവാനുള്ള വിദേശ നാണ്യം ഇല്ലാത്തതിനാലാണ് ഇന്ത്യ സഹായം നൽകിയത്. എന്നാൽ ശ്രീലങ്കയിലെ സിലോൺ പെട്രോളിയം കോർപ്പറേഷൻ പണം അടയ്ക്കാത്തതിനാൽ ഇന്ധന കയറ്റുമതി തടഞ്ഞിട്ടിരിക്കുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഭക്ഷണം, മരുന്നുകൾ, ഇന്ധനം എന്നിവയ്ക്കായി കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യ ശ്രീലങ്കയ്ക്ക് 3.5 ബില്യൺ ഡോളറിന്റെ സഹായമാണ് നൽകിയത്. ഈ വസ്തുക്കൾ ദ്വീപ് രാജ്യത്ത് എത്തിക്കുകയും ചെയ്തിരുന്നു. ഇന്ധനം വാങ്ങുന്നതിനായി 500 മില്യൺ ഡോളറിന്റെ സഹായം കൂടി ഇന്ത്യയിൽ നിന്നും ശ്രീലങ്ക പ്രതീക്ഷിക്കുന്നുണ്ട്. റഷ്യയിൽ നിന്നും ഖത്തറിൽ നിന്നും എണ്ണവാങ്ങുവാനുള്ള സാദ്ധ്യതകളും ശ്രീലങ്ക തേടുന്നുണ്ട്.
ഇന്ധന പ്രതിസന്ധി കാരണം ജൂലായ് പത്തുവരെ പൊതുവിദ്യാലയങ്ങളും സർക്കാർ ഓഫീസുകളും അടച്ചിടാൻ ശ്രീലങ്കൻ ഭരണകൂടം തീരുമാനിച്ചിരുന്നു. ഇന്ധനത്തിനായി ആയിരക്കണക്കിന് വാഹനങ്ങൾ കിലോമീറ്ററുകളോളം ക്യൂ കിടക്കുന്നത് ശ്രീലങ്കയിൽ പതിവ് കാഴ്ചയാണ്.