മക്ക: ഇന്ന് ആരംഭിക്കുന്ന വിശുദ്ധ ഹജ്ജിന് കർമ്മങ്ങൾ അനുഷ്ഠിക്കാനെത്തുന്ന വിശ്വാസികളെ സ്വാഗതം ചെയ്യാനുള്ള ഒരുക്കങ്ങൾ സൗദി അറേബ്യയിൽ പൂർത്തിയായി. സുരക്ഷാക്രമീകരണങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. 2019ൽ കൊവിഡിന്റെ വരവിന് ശേഷം അന്താരാഷ്ട്ര തീർത്ഥാടകർ ഹജ്ജിനെത്തുന്നുവെന്നതിനാൽ ഇത്തവണത്തേത് വിപുലമായ തീർത്ഥാടനമാണ്. കഴിഞ്ഞ രണ്ടു വർഷം സൗദിയിൽ നിന്നുള്ള പരിമിതമായ തീർത്ഥാടകരെ മാത്രമാണ് ഹജ്ജിന് അനുവദിച്ചിരുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് തീർത്ഥാടകരെ പ്രവേശിപ്പിക്കുക.
ഹജ്ജിനെത്തുന്ന എല്ലാവരും മാസ്‌ക് ധരിക്കണം. വിദേശികൾ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. 10 ലക്ഷം തീർത്ഥാടകരാണ് ഇത്തവണ ഹജ്ജിനെത്തുന്നത്. ഇതിൽ 8,50,000 പേരാണ് വിദേശികൾ. 65 വയസിൽ താഴെയുള്ള വാക്സിൻ സ്വീകരിച്ചവർക്കാണ് ഹജ്ജിൽ പങ്കെടുക്കാൻ അവസരം.