
തിരുവനന്തപുരം: ഭരണഘടനയെ വിമർശിച്ചതിനെ തുടർന്നുള്ള വൻ വിവാദങ്ങൾക്ക് പിന്നാലെ മന്ത്രി സജി ചെറിയാൻ രാജി വച്ചു. ഭരണഘടനയെ ബഹുമാനിക്കുന്നയാളാണ് താനെന്നും, ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ സിപിഎം പ്രവർത്തകനായ തനിക്ക് ഉത്തരവാദിത്വമുണ്ടെന്നും രാജി പ്രഖ്യാപിക്കവെ സജി ചെറിയാൻ വ്യക്തമാക്കി. മാദ്ധ്യങ്ങൾ തന്റെ പ്രസംഗം മുഴുവൻ പ്രേക്ഷേപണം ചെയ‌്തില്ല എന്നതിൽ പരാതിയുണ്ട്. രാജ്യത്തെ ഭരണഘടനയോടും ജനങ്ങളോടും നീതിന്യായ വ്യവസ്ഥയോടും അങ്ങേയറ്റം കൂറുപുലർത്തിയ വ്യക്തിയെന്ന നിലയിൽ സംഭവിച്ച കാര്യങ്ങളിൽ അതിയായ ദുഖമുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. ആരും നിർബന്ധിച്ചിട്ടല്ല രാജിയെന്നും, മുഖ്യമന്ത്രിയോട് രാജി വയ‌്ക്കുകയാണന്ന് താൻ അങ്ങോട്ട് പറയുകയായിരുന്നെന്നും സജി ചെറിയാൻ വ്യക്തമാക്കി.
സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ കടുത്ത നിർദേശത്തെ തുടർന്നാണ് രാജിയെന്നാണ് സൂചന. ഇന്ന് ചേർന്ന അവയിലബിൾ സെക്രട്ടറിയേറ്റ് യോഗത്തിൽ മന്ത്രിക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉയർന്നിരുന്നു. എതിരാളികൾക്ക് ആയുധം നൽകുന്ന പ്രവർത്തിയായിരുന്നെന്നും വാക്കുകളിൽ മിതത്വം പാലിക്കേണ്ടിയിരുന്നെന്നും നേതാക്കൾ ചൂണ്ടിക്കാണിച്ചു. കോടതിയിൽ നിന്ന് തീരുമാനം വരുന്നതുവരെ സജി ചെറിയാൻ മന്ത്രിസഭയിൽ നിന്ന് മാറിനിൽക്കട്ടെയെന്ന് സിപിഐ അടക്കമുള്ള ഘടകകക്ഷികൾ തീരുമാനമെടുക്കുകയായിരുന്നു.