
'ഓളുള്ളേരി ഓളുള്ളേരി മാണി നങ്കെരേ'എന്ന പാട്ട് പാടി നൃത്തം ചെയ്യുന്നവരെ സമൂഹമാധ്യമത്തിലിപ്പോഴും നാം കാണാറുണ്ട്. ആ ഒരൊറ്റ പാട്ടിൽ നൃത്തം ചെയ്ത് മലയാളിയുടെ ഹൃദയം കവർന്ന നവവധുവാണ് 'ജെനി പള്ളത്ത്' എന്ന മാവേലിക്കരക്കാരി. സഹപ്രവർത്തകർക്ക് നല്ല സപ്പോർട്ട് കൊടുക്കുന്ന സിമ്പിളും പവർഫുള്ളുമായ 'എസ് പി രൂപ'യായി 'ജെനി' അഭിനയിച്ച ചിത്രമാണ് 'കുറ്റവും ശിക്ഷയും'.സിനിമാ ജീവിതത്തെക്കുറിച്ച് ജെനി കേരളകൗമുദിയോടു സംസാരിച്ചു.
അജഗജാന്തരത്തിൽ 'ഓളുള്ളേരി' പാടി വന്ന 'നവവധു'. പിന്നീട് 'അന്താക്ഷരി' എന്ന ചിത്രത്തിലെ പന്ത്രണ്ടു വയസ്സുകാരൻ കിഷോറിന്റെ അബലയായ 'അമ്മ'. ഇപ്പോൾ 'കുറ്റവും ശിക്ഷയും' എന്ന ചിത്രത്തിലെ എസ്.പി.'രൂപ'?
'അജഗജാന്തരത്തിലും' 'അന്താക്ഷരി'യിലും രണ്ട് രൂപത്തിൽ വന്നതുകൊണ്ട് ആളുകൾ എന്നെ തിരിച്ചറിയുന്നുണ്ടോ എന്നൊരു സംശയം ഉണ്ടായിരുന്നു. 'കുറ്റവും ശിക്ഷയും' എന്ന ചിത്രത്തിലെ പോലീസ് വേഷം കൂടി വന്നപ്പോൾ ആളുകൾ എന്നെ തിരിച്ചറിയുന്നുണ്ട് എന്നെനിക്ക് മനസ്സിലായി. ഒരേതരം വേഷങ്ങളല്ല എന്നെ തേടി വരുന്നത് എന്നത് വളരെ സന്തോഷം തരുന്നുണ്ട്. പുതിയ വേഷങ്ങൾ പരീക്ഷിക്കാനുള്ള ഒരു കോൺഫിഡൻസും അത് തരുന്നു. അതിൽ വളരെയധികം സന്തോഷം.
അച്ഛൻ ഒരു റിട്ടയേർഡ് നേവി ഓഫിസർ ആയതാണോ എസ് .പി വേഷത്തിനു പിന്നിലെ പ്രചോദനം?
ഒരിക്കലുമല്ല. എസ് .പിയുടെ വേഷം ചെയ്തപ്പോൾ ആരെയെങ്കിലും കണ്ടു പഠിക്കണം എന്നൊന്നും തോന്നിയില്ല. മറ്റുള്ളവർ ചെയ്തതു കണ്ടു പഠിച്ചാൽ അത് അനുകരണം ആകുമോ എന്നൊരു ഭയം ഉണ്ടായിരുന്നു. അത് പൂർണ്ണമായിട്ടും രാജീവ് രവി എന്ന ഡയറക്ടറുടെ കഴിവാണ്. അദ്ദേഹം പറഞ്ഞതുപോലെ ഞാൻ അഭിനയിച്ചു. അത്രമാത്രം. നല്ലൊരു പോലീസ് വേഷം അല്ലെങ്കിൽ ഗ്യാങ്സ്റ്റർ വേഷം ചെയ്യണമെന്ന് സിനിമയിലെത്തിയപ്പോൾ മുതലുള്ള ആഗ്രഹമാണ്. അതിനുവേണ്ടി അറിഞ്ഞോ അറിയാതെയോ ചില തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. അതല്ലാതെ കാര്യമായ റെഫറൻസുകൾ ഒന്നും തന്നെ ഈ ചിത്രത്തിനു വേണ്ടി ഞാൻ എടുത്തില്ല. പോസ്റ്റ് പ്രൊഡക്ഷൻ വർക്കിന്റെ സമയത്തും സിനിമ റിലീസ് ആയി കണ്ടു കഴിഞ്ഞുമൊക്കെ ഒരുപാട് ആളുകൾ വിളിച്ചു. വളരെ സന്തോഷമുണ്ട്.
പല രൂപത്തിലും ഭാവത്തിലുമാണ് ജെനി സിനിമയിൽ ?
കോസ്റ്റ്യൂം ഡിസൈനറായി സിനിമയിൽ എത്തിച്ചേരണമെന്നാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. അപ്പോഴാണ് കേരള ടൂറിസത്തിനു വേണ്ടിയുള്ള മ്യൂസിക്ക് ആൽബത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറും ഫാഷൻ സ്റ്റൈലിസ്റ്റുമായി പ്രവർത്തിച്ചത്. ഒപ്പം സിനിമയെന്ന സ്വപ്നത്തിലേക്കുള്ള പാതയൊരുക്കാനുള്ള ശ്രമങ്ങളും നടത്തികൊണ്ടേയിരുന്നു. അങ്ങനെ അഭിനയരംഗത്ത് എത്തി. 'സുമേഷ് ആൻഡ് രമേഷിലും' അസിസ്റ്റന്റ് ഡയറക്ടർ ആയി.'പടച്ചോനെ ഇങ്ങനെ കാത്തോളീ' എന്ന ചിത്രത്തിൽ അസോസിയേറ്റ് ഡയറക്ടറുമാണ്. അതൊക്കെ വളരെ സന്തോഷം തരുന്ന കാര്യങ്ങൾ ആണ്.
 പുതിയ ചിത്രങ്ങൾ
'സൗദി വെള്ളക്ക', 'റോയ്' , പടച്ചോനെ 'ഇങ്ങള് കാത്തോളി' തുടങ്ങിയവയാണ് പുതിയ ചിത്രങ്ങൾ. ആദ്യമായി ഞാൻ അഭിനയിച്ച 'വൈ' എന്ന ചിത്രത്തിന്റെ സംവിധായകൻ സുനിൽ ഇബ്രാഹിം ചെയ്യുന്ന പുതിയ ചിത്രമാണ് 'റോയ്'. അതിലും ഒരു പോലീസ് വേഷം തന്നെയാണ്.