
ചോക്ലേറ്റ് ഇഷ്ടമല്ലാത്തവർ ചുരുക്കമാണ്. പലർക്കും അത് കുട്ടിക്കാലത്തിന്റെ, സൗഹൃദത്തിന്റെ, തമാശകളുടെ, സ്നേഹത്തിന്റെ അല്ലെങ്കിൽ പ്രണയത്തെക്കുറിച്ചുള്ള ഓർമകളും സമ്മാനിക്കാറുണ്ട്. ഇങ്ങനെ പ്രിയപ്പെട്ട ഓർമകൾ സമ്മാനിച്ച ചോക്ലേറ്റിനെ ഓർക്കാനുള്ള ദിവസമാണ് ജൂലായ് ഏഴ്. 2009 മുതലാണ് ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കാൻ തുടങ്ങിയത്. കൃത്യമായി കണ്ടെത്താനായിട്ടില്ലെങ്കിലും 2000 വർഷങ്ങൾക്ക് മുമ്പ് മെക്സിക്കോയിൽ നിന്നാകാം ചോക്ലേറ്റിന്റെ ഉത്ഭവം എന്നാണ് ഗവേഷകർ പറയുന്നത്. കൊക്കോയിൽ നിന്നും ഉണ്ടാക്കുന്ന ഒരുതരം വീഞ്ഞ് അന്നത്തെ ആളുകൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ധാരാളം പോഷകങ്ങൾ കൊണ്ട് സമ്പന്നമായ ചോക്ലേറ്റിലെ പ്രധാന ചേരുവയായ കൊക്കോയിൽ ഫിനോക് സംയുക്തങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മഗ്നീഷ്യം, സിങ്ക്, ആൻറി ഓക്സിഡന്റ്സ് എന്നിവ ചോക്ലേറ്റിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫേറ്റ്, പ്രോട്ടീൻ, കാൽസ്യം മുതലായവ ഇൻസുലിൻ പ്രതിരോധം കുറയ്ക്കുന്നു. ഡാർക്ക് ചോക്ലേറ്റ് ഹൃദയത്തിൻറെ ആരോഗ്യത്തിന് വരെ നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്.
ഗുണങ്ങൾ
1. മധുരമായതിനാൽ ശരീരഭാരം കൂടുമെന്ന് കരുതി ചോക്ലേറ്റ് കഴിക്കാത്തവരാണ് പലരും. എന്നാൽ ശരീരഭാരം നിയന്ത്രിക്കുന്നവതിൽ വരെ കാര്യമായ പങ്കുവഹിക്കാൻ കഴിവുള്ളവയാണ് ഡാർക്ക് ചോക്ലേറ്റുകൾ. പക്ഷെ മിതമായ അളവിൽ കഴിക്കണമെന്ന് മാത്രം.
2. ഹൃദ്‌രോഗ സാദ്ധ്യത കുറയ്ക്കാൻ ഡാർക്ക് ചോക്ലേറ്റ് സഹായിക്കുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ബദാം, ഡാർക്ക് ചോക്ലേറ്റ്, കൊക്കോ എന്നിവ കഴിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങൾ വരുന്നത് തടയുമെന്ന് 2017ലെ ഒരു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നടത്തിയ പഠനത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
3. സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ഡാർക്ക് ചോക്ലേറ്റുകൾ സഹായിക്കുന്നു. ചർമത്തെ കൂടുതൽ യുവത്വം തുളുമ്പുന്നതാക്കാൻ ചോക്ലേറ്റുകൾക്ക് കഴിയും.
4. മാനസിക സമ്മർദം ഉണ്ടാകാൻ കാരണമാകുന്ന കോർട്ടിസോൾ എന്ന ഹോർമോണിന്റെ അളവ് കുറയ്ക്കാൻ ചേക്ലേറ്റ് സഹായിക്കുന്നു. ഇതിലൂടെ മാനസിക സമ്മർദം കുറയ്ക്കാൻ ചോക്ലേറ്റ് നിങ്ങളെ സഹായിക്കുന്നു.
5. ഡാർക്ക് ചോക്ലേറ്റിലടങ്ങിയിരിക്കുന്ന ഫ്ലവനോയ്‌ഡ് എന്ന ആന്റിഓക്സിഡന്റുകൾ പ്രമേഹം വരുന്നത് നിയന്ത്രിക്കാൻ സഹായിക്കുന്നു.