congress

പാലക്കാട്: യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിനിടെ യുവ നേതാവ് അപമര്യാദയായി പെരുമാറിയെന്ന വനിതാനേതാവിന്റെ പരാതിയിൽ സസ്പെൻഷൻ. യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ വിവേക് എച്ച് നായരെയാണ് സസ്പെൻഡ് ചെയ്തത്.

തിരുവനന്തപുരം സ്വദേശിയായ വനിതാ നേതാവിനോടാണ് ഇയാൾ ക്യാമ്പിനിടെ അപമര്യാദയായി പെരുമാറിയത്. സംഭവത്തിന് പിന്നാലെ വനിതാ നേതാവ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിനും ദേശീയ സെക്രട്ടറിക്കും പരാതി നല്‍കിയിയിരുന്നു. തുടർന്ന് യൂത്ത് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്‌തതായി കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി സി ബി പുഷ്‌പലത അറിയിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പ് പാലക്കാട് നടന്ന യുവ ചിന്തന്‍ ശിബിര്‍ സംസ്ഥാന ക്യാമ്പിനിടെയാണ് സംഭവം.​ ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. മോശം പെരുമാറ്റത്തിന് ഇതിന് മുമ്പും സസ്‌പെൻഷനിലായ വിവേക് നായർ അടുത്തിടെയാണ് സംഘടനയിൽ തിരിച്ചെത്തിയത്.

മുന്നറിയിപ്പ് അവഗണിച്ച് വീണ്ടും അച്ചടക്കലംഘനം നടത്തിയ സാഹചര്യത്തിൽ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണെന്നും ദേശീയ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം,​ വനിതാനേതാവിന്റെ പരാതി വ്യാജമാണെന്നാണ് വിവേക് അനുകൂലികൾ വാദിക്കുന്നത്.