
ഹൈന്ദവ വിശ്വാസപ്രകാരം കാളി സംഹാരത്തിന്റെ ഭഗവതിയാണ്. ശ്മശാനത്തിലും രണഭൂമിയിലും വസിക്കുന്ന ദേവി യുദ്ധദൈവം കൂടിയാണ്. അടുത്തിടെ കാളി എന്ന ഡോക്യുമെന്ററിയുടെ പോസ്റ്റർ വിവാദമായിരുന്നു. കാളി ദേവി സിഗററ്റ് വലിക്കുന്നതിന്റെ ചിത്രങ്ങളാണ് വിവാദമായത്. ഹിന്ദു ദേവതയെ അപമാനിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്ന് പോസ്റ്ററിനെക്കുറിച്ച് പലരും അഭിപ്രായപ്പെട്ടത്. എന്നാൽ കാളി ദേവിയുമായി ബന്ധപ്പെട്ട് നിരവധി വിചിത്രമായ ആചാരങ്ങളാണ് ഉത്തരേന്ത്യൻ ക്ഷേത്രങ്ങളിലുള്ളത്. ദേവിക്ക് മാംസം കൊടുക്കുന്ന ക്ഷേത്രങ്ങൾ പോലും നമ്മുടെ രാജ്യത്തുണ്ട്. കാളി ക്ഷേത്രങ്ങളും അവിടുത്തെ ആചാരങ്ങളും പരിചയപ്പെടാം.
കാളിഘട്ട്, കൊൽക്കത്ത
രാജ്യത്തെ 51 ശക്തിപീഠങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന 200 വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിൽ എല്ലാ ദിവസവും മൃഗബലി നടത്താറുണ്ട്. ശേഷം ഇതിന്റെ മാംസം പാകം ചെയ്ത് ഭക്തർക്ക് പ്രസാദമായി നൽകും. ഇവിടുത്തെ പ്രതിഷ്ഠയായ കാളി ദേവിക്ക് സസ്യാഹാരമാണ് നിവേദിക്കുന്നത്. ഉപപ്രതിഷ്ഠകളായ ഡാകിനിക്കും യോഗിനിക്കും മാംസമാണ് നിവേദിക്കുന്നത്.
താരാപീഠം, ബിർഭും
ബംഗാളിലെ മറ്റൊരു ശക്തിപീഠമായ താരാപീഠത്തിൽ, മത്സ്യവും മാംസവും ദേവിക്ക് അർപ്പിക്കുന്നുവെന്നാണ് പുരോഹിതർ പറയുന്നത്. ഒപ്പം മദ്യവും പഴവും ഇവിടുത്തെ ദേവിക്ക് നിവേദിക്കാറുണ്ട്.
ദക്ഷിണേശ്വർ, കൊൽക്കത്ത
ദക്ഷിണേശ്വർ ക്ഷേത്രത്തിൽ ദേവിക്ക് എന്നും മത്സ്യം നിവേദിക്കാറുണ്ട്. ഈ ക്ഷേത്രത്തിൽ മൃഗബലി നടത്താറില്ല.
താൻതാനിയ കാളിബാരി, കൊൽക്കത്ത
വടക്കൻ കൊൽക്കത്തയിലെ 300 വർഷം പഴക്കമുള്ള താന്താനിയ കാളി ക്ഷേത്രത്തിൽ മദ്യവും മത്സ്യവുമില്ലാതെ പൂജ പൂർത്തിയാകില്ല. എല്ലാ പൗർണ്ണമിയിലും ക്ഷേത്രത്തിൽ മൃഗബലിയും നടത്താറുണ്ട്. എന്നാൽ മൃഗങ്ങളുടെ മാംസം ഭക്തർക്ക് തന്നെ പ്രസാദമായി നൽകാറുണ്ട്.