
അതിരുകളില്ലാത്ത ഭാവന കുട്ടികളുടെ എഴുത്തിനുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സാഹിതി പ്രസിദ്ധീകരിച്ച ഹോളി ഏഞ്ചൽസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി നന്മ എസിന്റെ 'ഫ്രം മൈ ലിറ്റിൽ ഹാർട്ട്' എന്ന ഇംഗ്ലീഷ് കവിതാ സമാഹാരത്തിന്റെ പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ഗവർണർ.
'വായനയുടെ ലോകം കുട്ടികൾ ചെറിയ പ്രായത്തിൽ തന്നെ ആരംഭിക്കേണ്ടതുണ്ട്. എല്ലാ ഭാഷകളിലും കുട്ടികൾക്ക് വായിക്കാൻ ഇഷ്ടമാകുന്ന ധാരാളം പുസ്തകങ്ങൾ ലഭ്യമാണ്. നിരന്തരമായ വായന കുട്ടികളിൽ അതിരുകളില്ലാത്ത ഭാവന സൃഷ്ടിക്കും. അത് അവരുടെ എഴുത്തിലേയ്ക്കും ആഴത്തിലുള്ള വായന അനുഭവത്തിലേയ്ക്കും നയിക്കും'- ഗവർണർ പറഞ്ഞു.
സാഹിതി സെക്രട്ടറി ജനറൽ ബിന്നി സാഹിതി അദ്ധ്യക്ഷത വഹിച്ചു. ഹോളി ഏഞ്ചൽസ് സ്കൂൾ അദ്ധ്യാപിക ജിനു കാർത്തികേയൻ, പുസ്തകം ഏറ്റുവാങ്ങി. സാഹിതി അസോസിയേറ്റ് എഡിറ്റർ സെറ മറിയം ബിന്നി, നന്മയുടെ മാതാപിതാക്കളായ കെ. ശ്രീകുമാർ, ഡോ. ദിവ്യശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ശിശുക്ഷേമ സമതി സംഘടിപ്പിക്കുന്ന ശിശുദിന ആഘോഷ റാലിയിൽ പ്രധാനമന്ത്രിയായി നന്മ എസ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.