cristiano

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ താത്പര്യം പ്രകടിപ്പിച്ച് ചെൽസി, പി.എസ്.ജി,നാപ്പോളി, അത്‌ലറ്റിക്കോ മാഡ്രിഡ്, ബാഴ്സലോണ ക്ളബുകൾ

മാഞ്ചസ്റ്റർ :ഈ സീസണിൽ ക്ളബുമാറാൻ തന്നെ അനുവദിക്കണമെന്ന പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആവശ്യം ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ യുണൈറ്റഡ് അംഗീകരിച്ചേക്കുമെന്ന സൂചനകൾ പുറത്തുവന്നതോടെ താരത്തിന് വേണ്ടി യൂറോപ്പിലെ പ്രമുഖ ക്ളബുകളൊക്കെയും രംഗത്ത്. ഇംഗ്ളീഷ് പ്രിമിയർ ലീഗ് വമ്പന്മാരായ ചെൽസിയും മെസിയും എംബാപ്പെയും കളിക്കുന്ന പാരീസ് എസ്.ജിയും മുതൽ മെസിയുടെ പഴയ ക്ളബ് ബാഴ്സലോണവരെ ക്രിസ്റ്റ്യാനോയെ കിട്ടുമോയെന്നുള്ള ചർച്ചകളിലാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഒരു വർഷത്തേക്ക് കൂടി മാഞ്ചസ്റ്റർ യുണൈറ്റഡിന് കരാർ ബാക്കിയുണ്ടെങ്കിലും ക്ളബ് ഇക്കുറി ചാമ്പ്യൻസ് ലീഗ് നേടാത്തതിനാലാണ് 37കാരനായ ക്രിസ്റ്റ്യാനോ കൂടുമാറാൻ താത്പര്യം പ്രകടിപ്പിച്ചത്. ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ യോഗ്യതയുള്ള ഒരു ക്ളബാണ് താരത്തിന്റെ ലക്ഷ്യം. അതിനായി താരത്തിന്റെ പ്രതിനിധി വിവിധ ക്ളബുകളുമായി മാരത്തോൺ ചർച്ചയിലാണ്.

പ്രിമിയർ ലീഗിൽ മാഞ്ചസ്റ്ററിന്റെ ചിരവൈരികളായ ചെൽസിയാണ് ആദ്യം താത്പര്യം പ്രകടിപ്പിച്ച ക്ളബുകളിലൊന്ന്. എന്നാൽ പ്രിമിയർ ലീഗിൽത്തന്നെ താരത്തെ വിടുന്നതിന് മാഞ്ചസ്റ്ററിന് താത്പര്യമില്ല. പി.എസ്.ജിയാണ് താരത്തെ സ്വന്തമാക്കുന്നതെങ്കിൽ മെസിയും ക്രിസ്റ്റ്യാനോയും ഒരുമിച്ച് കളിക്കുന്നത് കാണാനുള്ള അപൂർവ ഭാഗ്യം ആരാധകർക്ക് ലഭിക്കും. ബയേണിൽ നിന്ന് റോബർട്ടോ ലെവാൻഡോവ്സ്കിയെ കിട്ടിയില്ലെങ്കിൽ ക്രിസ്റ്റ്യാനോയെ വാങ്ങാനാണ് ബാഴ്സലോണയുടെ ശ്രമം. സാമ്പത്തിക പിരിമുറുക്കൾക്കിടയിലും ക്രിസ്റ്റ്യാനോ റൊണാൾഡോയെ കിട്ടിയാൽ കൊള്ളാം എന്നാണ് നാപ്പോളിയുടെ ചിന്ത. താരത്തിന്റെ സ്വന്തം നാടായ പോർച്ചുഗലിൽ നിന്നുള്ള സ്പോർട്ടിംഗും ചർച്ചകളിലുണ്ട്. ഇതിലേക്ക് അവസാനമായി എത്തിയിരിക്കുന്നത് സ്പാനിഷ് ക്ളബ് അത്‌ലറ്റിക്കോ മാഡ്രിഡാണ്. ലൂയിസ് സുവാരേസിന് പകരക്കാരനെത്തേടുകയാണ് അവർ.