rishi-sunak

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ബോറിസ് ജോൺസൺ പടിയിറങ്ങുമ്പോൾ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഇന്ത്യൻ വംശജനായ റിഷി സുനാക്ക്. ബോറിസ് ജോൺസൺ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്ന റിഷിയാണ് പ്രധാനമന്ത്രിക്കെതിരെ ആദ്യമായി പ്രതിഷേധസ്വരം ഉയ‌ർത്തുന്നത്. പിന്നാലെ പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി കൊണ്ട് ആദ്യം രാജിവച്ച കാബിനറ്റ് മന്ത്രിയും റിഷി സുനാക്കായിരുന്നു. ഇതിനു പിന്നാലെ ഒരുപറ്റം കാബിനറ്റ് റാങ്കുള്ള മന്ത്രിമാർ രാജിവച്ചതോടെയാണ് ബോറിസ് ജോൺസൺ സമ്മർദ്ദത്തിലാകുന്നതും ഒടുവിൽ രാജി പ്രഖ്യാപിക്കുന്നതും.

വിജയിച്ചാൽ ബ്രിട്ടിഷ് പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യൻ വംശജനാകും ഋഷി സുനാക്. 2020 ഫെബ്രുവരിയിലാണ് 42 വയസ്സുകാരനായ ഋഷി സുനാകിനെ ധനമന്ത്രിയായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ നിയമിച്ചത്. കൊവിഡ് പ്രതിസന്ധിക്കാലത്ത് റിഷി നടപ്പാക്കിയ പദ്ധതികൾ അദ്ദേഹത്തെ ജനപിന്തുണ വർധിപ്പിച്ചിരുന്നു. മന്ത്രിസഭയിലെ ഒരു അംഗത്തിനെതിരെ ലൈംഗികാരോപണ പരാതി ഉയർന്നതും ഇയാളെ തന്നെ വീണ്ടും സർക്കാരിനുള്ളിലെ പ്രധാന സ്ഥാനങ്ങളിലേക്ക് പരിഗണിച്ചതുമാണ് ബോറിസിനെതിരെ മന്ത്രിമാരുടെ എതിർപ്പ് ഉയരാൻ കാരണമായത്. റിഷി സുനാക്ക് ആണ് ഇതിന് നേതൃത്വം കൊടുത്തത്. പാകിസ്ഥാൻ വംശജനായ ആരോഗ്യമന്ത്രി സാജിദ് ജാവീദും റിഷിക്കൊപ്പം രാജിവച്ചിരുന്നു.

എന്നാൽ പ്രധാനമന്ത്രി പദത്തിലേക്ക് റിഷി സുനാക്കിന് ഏറ്റവും അധികം വെല്ലുവിളി ഉയർത്താൻ സാദ്ധ്യത ഭാര്യയ്ക്കെതിരെ സമീപകാലത്ത് ഉയർന്ന ആരോപണങ്ങളായിരുന്നു. ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണമൂർത്തിയുടെ മകൾ അക്ഷത മൂർത്തിയാണ് റിഷിയുടെ ഭാര്യ. ഈ വകയിൽ ലഭിക്കുന്ന കോടികളുടെ വരുമാനത്തിൽ നിന്നുള്ള നികുതി അക്ഷത യുകെയിൽ അടയ്ക്കുന്നില്ല എന്നതായിരുന്നു ആരോപണം. യുകെയിലെ നിയമവ്യവസ്ഥ അനുസരിച്ച് ഇത് അനുവദനീയമാണെങ്കിലും ധനകാര്യ മന്ത്രിയുടെ ഭാര്യ എന്ന നിലയിൽ ഇത് ജനങ്ങൾക്ക് അംഗീകരിക്കാൻ സാധിക്കുന്നതായിരുന്നില്ല.

ടോറി പാർട്ടി കോൺഫറൻസിനു മുൻപ് പുതിയ പ്രധാനമന്ത്രി അധികാരത്തിലെത്തിയേക്കും. ടോറികൾ‌ക്കു ഭൂരിപക്ഷമുള്ള ബ്രിട്ടനിൽ‌ പുതിയ പ്രധാനമന്ത്രിയും ടോറി പാർട്ടിയിൽനിന്നുതന്നെയാകും.