swimming

തിരുവനന്തപുരം : വെള്ളയമ്പലം ജിമ്മി ജോർജ് സ്‌പോർട്‌സ് കോംപ്ലക്‌സിലെ സ്വിമ്മിംഗ് പൂൾ നവീകരണത്തിന് ശേഷം തുറന്നു. നീന്തൽ പരിശീലനത്തിനും വ്യായാമത്തിനുമുള്ള സൗകര്യം പുനരാരംഭിച്ചു. രാവിലെ ആറു മുതൽ 9.15വരെയും വൈകിട്ട് 3.45 മുതൽ 7.15വരെയുമാണ് പ്രവർത്തന സമയം. വൈകിട്ട് 6.15 മുതൽ 7.15വരെയുള്ള സമയമൊഴികെ പരിശീലനത്തിനു സൗകര്യമുണ്ടായിരിക്കും. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 8.15 മുതൽ 9.15വരെ സ്ത്രീകൾക്കു മാത്രമായുള്ള പരിശീലന സൗകര്യവും ലഭ്യമാണ്.ദേശീയതലത്തിൽ മെഡൽ നേടിയ അംഗീകൃത പരിശീലകരുടെ നേതൃത്വത്തിലാണ് പരിശീലനം. പുരുഷ വനിതാ പരിശീലകരുടെയും ലൈഫ് ഗാർഡുകളുടെയും സേവനവും ലഭ്യമാണ്. 140 സെന്റീമീറ്ററെങ്കിലും ഉയരമുള്ള കുട്ടികൾക്കാണ് പരിശീലനത്തിനു സൗകര്യമുള്ളത്. പൂളിലെത്തുന്നവർക്ക് ശുചിത്വം ഉറപ്പാക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പൂളിലെ വെള്ളം 24 മണിക്കൂറും തുടർച്ചയായി ഫില്‍റ്റർ ചെയ്യുന്നതിനും വെള്ളത്തിന്റെ പിഎച്ച് മൂല്യം തുടർച്ചയായി നിരീക്ഷിക്കുന്നതിനും സൗകര്യമുണ്ട്. അവധി ദിവസമായ തിങ്കളാഴ്ച പൂളും പരിസരവും ശുചീകരിക്കും.

കൊവിഡിനു ശേഷം തുറന്നു പ്രവർത്തിച്ചിരുന്ന പൂൾ വാർഷിക നവീകരണത്തിന്റെ ഭാഗമായാണ് വീണ്ടും അടച്ചിട്ടത്. 1962ലാണ് സ്വിമ്മിംഗ് പൂൾ ആരംഭിച്ചത്. ജില്ലയിലെ തന്നെ ആദ്യ സ്വിമ്മിംഗ് പൂളുകളിലൊന്നാണിത്. 2015ൽ 35ാമത് ദേശീയ ഗെയിംസിന്റെ ഭാഗമായി നവീകരണപ്രവർത്തനങ്ങൾ നടത്തി പൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തിയിരുന്നു. നവീകരണത്തിനു ശേഷം അന്താരാഷ്ട്ര സ്വിമ്മിംഗ് ഫെഡറേഷന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് 50 മീറ്റർ നീളവും 25 മീറ്റർ വീതിയുമുള്ള പൂളാണ് നിർമിച്ചത്.