heavy-rains

തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ചുദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കനത്ത മഴയിൽ ഇടുക്കിയിലും വടക്കൻകേരളത്തിലും പരക്കെ നാശനഷ്ടം ഉണ്ടായി. അടിമാലിയിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ കാസർകോട്,​ കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ,​ കേന്ദ്രീയ വിദ്യാലയങ്ങൾ,​ സി.ബി.എസ്.ഇ,​ ഐ,​സി.എസ്.ഇ ഉൾപ്പെടെയുള്ള സ്കൂളുകൾക്കും മദ്രസകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ അവധി ബാധകമാണ്,​

ഇടുക്കി ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷകൾക്ക് മാറ്റമില്ല.

പാലക്കാട് ജില്ലയില്‍ അട്ടപ്പാടി, മണ്ണാര്‍ക്കാട് മേഖലയിലും മഴ ശക്തമായി. കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു. ഭാരതപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പടുവിച്ചു. മംഗലം ഡാം നാളെ തുറക്കും. ചെറുകുന്ന പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.നീരൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ക്ക് കോഴിക്കോട് കളക്ടര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. നിലവില്‍ 756.50 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്.കോഴിക്കോട് കനത്തമഴ തുടരുകയാണ്. ജാഗ്രതയുടെ ഭാഗമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു