
ബീജിംഗ്: കമ്മ്യണിസ്റ്റ് പാർട്ടി അംഗങ്ങൾക്ക് സംഘടനയോടുള്ള കൂറ് അളക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിന് ചൈന രൂപം നൽകിയെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര മാദ്ധ്യമമായ ഡെയ്‌ലി മിററിലാണ് ഇത് സംബന്ധിച്ച വാർത്ത വന്നത്. പുതിയ സാങ്കേതിക വിദ്യയെകുറിച്ചുള്ള വിശദറിപ്പോർട്ട് ഇന്റർനെറ്റിൽ ജൂലായ് ഒന്നിന് അപ്‌ലോഡ് ചെയ്തിരുന്നതായും എന്നാൽ പിന്നീട് അത് നീക്കം ചെയ്യുകയുമായിരുന്നെന്ന് വാർത്തയിൽ പറയുന്നു. ചൈനയിലെ ഹെഫെയ് കോംപ്രിഹെന്‍സിവ് നാഷനൽ സയൻസ് സെന്ററിലെ ഗവേഷകരാണ് പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.
പാർട്ടി അംഗങ്ങൾക്ക് പാർട്ടിയോടുള്ള കൂറ് അളക്കുകയെന്ന ഉദ്ദേശത്തോടെയാണ് പുതിയ സാങ്കേതിക വിദ്യ രൂപപ്പെടുത്തിയിരിക്കുന്നത്. ഇത് കൂടാതെ പാർട്ടിയുടെ നയങ്ങളെയും പുതിയ ചിന്തകളെയും പാർട്ടി നൽകുന്ന രാഷ്ട്രീയ വിദ്യാഭ്യാസത്തെയും അംഗങ്ങൾ എങ്ങനെ വിശകലനം ചെയ്യുന്നുവെന്നും ഇതിലൂടെ മനസിലാക്കാൻ സാധിക്കും. പാർട്ടി അംഗങ്ങൾക്ക് പാർട്ടിയോടുള്ള കൂറും അവരുടെ ആത്മവിശ്വാസവും നിശ്ചയദാർഢ്യവും ഇതിലൂടെ വർദ്ധിക്കുമെന്നാണ് പാർട്ടിയുടെ കണക്ക് കൂട്ടൽ.
ഒരു ബൂത്തിലായിരിക്കും ഈ സാങ്കേതിക വിദ്യ സജ്ജീകരിച്ചിട്ടുണ്ടാകുക. ഇതിലേക്ക് പാർട്ടി പ്രവർത്തകനെ പ്രവേശിപ്പിച്ച ശേഷം ഈ സാങ്കേതിക വിദ്യ ഇൻസ്റ്റാൾ ചെയ്ത കമ്പ്യൂട്ടറിന് മുന്നിൽ ഇരുത്തി ഇയാളെകൊണ്ട് പാർട്ടിനയങ്ങളെകുറിച്ചുള്ള ലേഖനം വായിപ്പിക്കുകയുമാണ് ചെയ്യുന്നത്. ലേഖനം വായിക്കുമ്പോൾ ഇയാളുടെ മുഖത്തെ ചെറുചലനങ്ങൾ വരെ ഒപ്പിയെടുത്ത ശേഷം തലച്ചോറിലെ തരംഗങ്ങൾ ഉപയോഗിച്ച് ഇയാൾക്ക് പാർട്ടിയുടെ നയങ്ങളോടുള്ള മനോഭാവം മനസിലാക്കുകയാണ് ചെയ്യുന്നത്.