മക്ക: വിശ്വാസികളെ ഭക്തിസാന്ദ്രമാക്കി വിശുദ്ധ ഹജ്ജിന് തുടക്കമായി. ഇന്നാണ് അറഫാ സംഗമം. തദ്ദേശീയരും വിദേശീയരുമായ 10 ലക്ഷം തീർത്ഥാടകരാണ് ഇത്തവണ ഹജ്ജ് കർമ്മങ്ങൾക്കായി മിനാ താ‌ഴ്‌വാരത്തിലെത്തിയത്. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങൾക്ക് ശേഷമാണ് വിപുലമായ രീതിയിൽ വിദേശികളെ പ്രവേശിപ്പിച്ച് ഹജ്ജ് കർമ്മങ്ങൾ നടക്കുന്നത്.

രോഗികളായ തീർത്ഥാടകരെ ആംബുലൻസുകളിലും മറ്റും അറഫയിൽ എത്തിക്കാൻ സൗകര്യമുണ്ട്. കടുത്ത ചൂടാണ് ഇത്തവണ മേഖലയിൽ അനുഭവപ്പെടുന്നതെന്ന് സൗദി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചൂടിന് ശമനം വരുത്താൻ അന്തരീക്ഷത്തിൽ ജലം സ്‌പ്രേ ചെയ്യുന്നതുൾപ്പെടെയുള്ള സംവിധാനങ്ങളും ശാരീരിക അസ്വസ്ഥതകളുണ്ടാകുന്നവർക്കായി ആരോഗ്യ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

കൊവിഡ് പ്രോട്ടോക്കോൾ ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളോടെ നടക്കുന്ന ഇത്തവണത്തെ ഹജ്ജിൽ 8,50,000 വിദേശ തീർത്ഥാടകരാണ് പങ്കെടുക്കുന്നത്.