
കാബൂൾ : 2001 സെപ്റ്റംബറിൽ വേൾഡ് ട്രേഡ് സെന്ററിലടക്കം നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ഭീകരരെ തേടി അഫ്ഗാനിലെത്തിയ യു.എസ് സൈന്യത്തിൽ നിന്ന് രക്ഷപെടാനായി താലിബാൻ സ്ഥാപകൻ മുല്ല ഒമർ ഉപയോഗിച്ച വെളുത്ത ടൊയോട്ട കൊറോള കാർ മണ്ണിനടിയിൽ നിന്ന് കുഴിച്ചെടുത്ത് അഫ്ഗാനിസ്ഥാനിലെ താലിബാൻ അധികൃതർ.
പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് മണ്ണിനടിയിൽ ഒളിപ്പിച്ച കാർ സാബൂൾ പ്രവിശ്യയിലെ ഒരു ഗ്രാമത്തിൽ നിന്നാണ് കണ്ടെത്തിയത്. മുൻ വശത്തെ ചെറിയ തകരാറുകൾ ഒഴിച്ചാൽ കാറിന് കാര്യമായ കേടുപാടുകളില്ലെന്നാണ് റിപ്പോർട്ട്. താലിബാൻ നേതാവ് അബ്‌ദുൽ ജബ്ബാർ ഒമാറിയാണ് കാർ ഒളിപ്പിച്ചത്.
വാഹനം കുഴിച്ചെടുക്കാനും നിർദ്ദേശം നൽകിയത് ഒമാറിയാണ്. ഈ കാർ ഇനി കാബൂളിലെ നാഷണൽ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചേക്കുമെന്നാണ് വിവരം. 1996 മുതൽ 2001 വരെ അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിന്റെ തലവനായിരുന്ന മുല്ല ഒമർ ഒളിവിൽ കഴിയവെ 2013 ഏപ്രിലിൽ മരിച്ചെന്ന് താലിബാൻ പിന്നീട് സ്ഥിരീകരിച്ചിരുന്നു.