swimming

തിരുവനന്തപുരം: സർട്ടിഫിക്കറ്റുകൾ ദുരുപയോഗം ചെയ്യുന്നതായി പരാതികൾ ഉയർന്ന സാഹചര്യത്തിൽ പ്ലസ് വൺ, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് നീന്തൽ പരിജ്ഞാനത്തിനുള്ള ബോണസ് പോയിന്റ് നൽകുന്നത് ഒഴിവാക്കിക്കൊണ്ടുള്ള പ്രോസ്പെക്ടസ് പുറത്തിറക്കി. ഇക്കാര്യം കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

അഡ്മിഷൻ ഷെഡ്യൂൾ

 ട്രയൽ അലോട്ട്‌മെന്റ് : ജൂലായ് 21

 ആദ്യ അലോട്ട്‌മെന്റ് : ജൂലായ് 27

 അവസാന അലോട്ട്‌മെന്റ് : ആഗസ്റ്റ് 11

 മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകൾ നടത്തി സെപ്തംബർ 30ന് പ്രവേശനം അവസാനിപ്പിക്കും.

സ്‌പോർട്ട്സ് ക്വാട്ട
 സ്‌പോർട്ട്സ് ക്വാട്ട അഡ്മിഷൻ രണ്ട് ഘട്ടങ്ങൾ ഉൾപ്പെട്ട ഓൺലൈൻ സംവിധാനത്തിൽ
 ആദ്യ ഘട്ടത്തിൽ സ്‌പോർട്സിൽ മികവ് നേടിയ സർട്ടിഫിക്കറ്റുകൾ ജില്ലാ സ്‌പോർട്ട്സ് കൗൺസിലുകളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം.
 രണ്ടാം ഘട്ടത്തിൽ പ്ലസ് വൺ അഡ്മിഷന് യോഗ്യത നേടുന്നവർ സ്‌പോർട്സ് ക്വാട്ടയിൽ അഡ്മിഷൻ ലഭിക്കുന്നതിനായി അവരുടെ അപേക്ഷ  സ്‌കൂൾ/കോഴ്സുകൾ ഓപ്ഷനായി ഉൾക്കൊള്ളിച്ച് ഓൺലൈനായി സമർപ്പിക്കണം. മുഖ്യ ഘട്ടത്തോടൊപ്പം രണ്ട് അലോട്ട്‌മെന്റുകളും ഒരു സപ്ലിമെന്ററി അലോട്ട്‌മെന്റും ഉണ്ടായിരിക്കും.

പ്രധാന മാറ്റങ്ങൾ

■ വിദ്യാർത്ഥിയുടെ ഡബ്ളിയു.ജി.പി.എ (വെയിറ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ്) കണക്കാക്കിയാണ് പ്രവേശനത്തിനുള്ള അർഹത നിശ്ചയിക്കുന്നത്. ഡബ്ളിയു.ജി.പി.എ സൂത്രവാക്യത്തിൽ ആദ്യഭാഗം അക്കാഡമിക മികവിന്റെയും രണ്ടാം ഭാഗം ബോണസ് പോയിന്റിന്റെയുമാണ്. ഡബ്ളിയു.ജി.പി.എ ഏഴ് ദശാംശസ്ഥാനത്തിന് കൃത്യമായി കണക്കിലെടുത്തതിനു ശേഷവും ഒന്നിലേറെ അപേക്ഷകർക്ക് തുല്യ പോയിന്റ് ലഭിച്ചാൽ ഡബ്ളിയു.ജി.പി.എ സൂത്രവാക്യത്തിൽ ആദ്യഭാഗം കൂടുതലുള്ളത് റാങ്കിൽ മുന്നിൽ ഉൾപ്പെടുത്തും.
■ടൈ ബ്രേക്കിംഗിന് എൻ.ടി.എസ്.ഇ (നാഷണൽ ടാലന്റ് സെർച്ച് പരീക്ഷയിലെ) മികവിനൊപ്പം ഈ വർഷം എൻ.എം.എം.എസ്.എസ്.ഇ (നാഷണൽ മെരിറ്റ് കം മീൻസ് സ്‌കോളർഷിപ്പ് സ്‌കീം പരീക്ഷ ), യു.എസ്.എസ്, എൽ.എസ്.എസ്. പരീക്ഷകളിലെ മികവുകൾ കൂടി ഉൾപ്പെടുത്തി.
■മുഖ്യഘട്ടത്തിലെ അലോട്ട്‌മെന്റുകളുടെ എണ്ണം രണ്ടിൽ നിന്ന് മൂന്നായി വർദ്ധിപ്പിച്ചു.
മുഖ്യഘട്ടം മുതൽ തന്നെ മാർജിനൽ സീറ്റ് വർദ്ധനവും താത്കാലിക അധിക ബാച്ചുകളും അനുവദിച്ചു.

വി.എച്ച്.എസ്.ഇ

വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 389 സ്‌കൂളുകളിലായി 30 വിദ്യാർത്ഥികൾക്ക് വീതം പ്രവേശനം. 1101 ബാച്ചുകളിലായി 33,030 സീറ്റുകൾ.
ഈ അദ്ധ്യയന വർഷം ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂട് (എൻ.എസ്.ക്യു.എഫ് )
പ്രകാരമുള്ള 47 സ്‌കിൽ കോഴ്സുകൾ നടപ്പിലാക്കും.
നിലവിലുള്ള കോഴ്സുകളിലെ കാലികമായ മാറ്റങ്ങൾക്ക് പുറമെ പുതിയ 3 എൻ.എസ്.ക്യു.എഫ് കോഴ്സുകൾ (ലാബ് ടെക്നീഷ്യൻ റിസർച്ച് ആൻഡ് ക്വാളിറ്റി കൺട്രോൾ, ഹാൻഡ് ഹെൽഡ് ഡിവൈസ് ടെക്നീഷ്യൻ, കസ്റ്റമർ കെയർ എക്സിക്യുട്ടീവ് മീറ്റ് ആൻഡ് ഗ്രീറ്റ്) കൂടിയുണ്ടാകും.

 നീന്തലിനു പോയിന്റില്ല

നീന്തൽ പരിജ്ഞാനത്തിനുള്ള രണ്ട് ബോണസ് പോയിന്റുകൾ ഒഴിവാക്കിയാണ് പ്രോസ്പെക്ടസ് പുറത്തിറക്കിയത്. എൻ.സി.സി, സ്കൗട്ട്, ജെ.ആർ.സി, സൈനികരുടെ മക്കൾ, തുടങ്ങിയവർക്ക് ലഭിക്കുന്ന ബോണസ് പോയിന്റുകൾ നിലനിറുത്തിയിട്ടുണ്ട്.

'പ്രവേശനം സുഗമമായി നടക്കും, ഉപരിപഠനത്തിന് അർഹരായ എല്ലാവർക്കും അതിനുള്ള അവസരം ലഭിക്കും"

മന്ത്രി വി. ശിവൻകുട്ടി