
ഇന്ത്യക്കാരുടെ മനസ്സറിയാവുന്ന വാഹന നിർമാതാക്കളാണ് മാരുതി സുസുക്കി. അതിനാലാണ് ഇന്ത്യയിൽ മാരുതിയുടെ വാഹനങ്ങൾക്ക് ഇത്രയേറെ ജനപ്രീതി ലഭിച്ചതും. കൂടിയ മൈലേജ് ഒരു ആനയെ കയറ്റാൻ മതിയായ സ്ഥലം, ഇവ രണ്ടും ഉണ്ടെങ്കിൽ ഒരു ശരാശരി ഇന്ത്യക്കാരന്റെ വാഹന സങ്കൽപ്പമായി. അതറിഞ്ഞ് തന്നെയാകണം ബ്രെസ്സയുടെ നവീകരിച്ച പതിപ്പിലും മാരുതി ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത് ഈ രണ്ട് കാര്യങ്ങൾക്കുമാണ്.
എസ്.യു.വി ശ്രേണിയിൽ സാന്നിദ്ധ്യം ശക്തമാക്കാനായി മാരുതി സുസുക്കി അവതരിപ്പിക്കുന്ന പുതുപുത്തൻ ബ്രെസ വിപണിയിൽ. 7.99 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില. മാരുതിയുടെ വരുംതലമുറ കെ-സീരീസ് 1.5 ലിറ്റർ പെട്രോൾ എൻജിനാണുള്ളത്.
സ്മാർട്ട് ഹൈബ്രിഡ് ടെക്‌നോളജിയും ലിറ്ററിന് 20.15 കിലോമീറ്റർ വരെ മൈലേജുമാണ് സവിശേഷത. മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ട്രാൻസ്‌മിഷൻ ഓപ്‌ഷനുകളുണ്ട്.
ഇലക്ട്രിക് സൺറൂഫ്, ഹെഡ്-അപ്പ് ഡിസ്‌പ്ളേ, ഡിജിറ്റൽ 360 ഡിഗ്രി കാമറ, മറ്റ് 40 കണക്‌ടഡ് ഫീച്ചറുകൾ എന്നിങ്ങനെയും സവിശേഷതകൾ. ആറ് എയർ ബാഗുകളും ഹിൽ-ഹോൾഡ് അസിസ്‌റ്റും ഉൾപ്പെടെ 20ലേറെ സുരക്ഷാ ഫീച്ചറുകളുമുണ്ട്.
ടാറ്റാ നെക്‌സോൺ, ഹ്യുണ്ടായ് വെന്യൂ, കിയ സോണറ്റ് എന്നിവയാണ് എതിരാളികൾ. 2016 മാർച്ചിലാണ് വിറ്റാര ബ്രെസയിലൂടെ മാരുതി കോംപാക്‌റ്റ് എസ്.യു.വി ശ്രേണിയിലേക്ക് ചുവടുവച്ചത്. ഹ്യുണ്ടായ് വെന്യു, കിയ സോണറ്റ് എന്നിവയിൽ നിന്ന് കടുത്ത വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിലാണ് ബ്രെസയുടെ പുത്തൻ പതിപ്പ് മാരുതി സുസുക്കി വിപണിയിലിറക്കുന്നത്.