ons-jabeur

ലണ്ടൻ: വിംബിൾഡൺ ടെന്നിസിൽ ചരിത്രം കുറിച്ച് ടുണീഷ്യൻ താരം ഒൻസ് ജബേയുർ വനിതാ സിംഗിൾസ് ഫൈനലിലെത്തി. സെമിയിൽ ജർമ്മനിയുടെ തത്യാന മരിയയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് മൂന്നാം സീഡായ ഒൻസ് ജബേയുർ ഒരു ഗ്രാൻസ്ളാം ഫൈനലിലെത്തുന്ന ആദ്യ അറബ് വംശജയും ആദ്യ ആഫ്രിക്കൻ വനിതയും ആദ്യ ടുണീഷ്യക്കാരിയുമായത്.

മൂന്ന് സെറ്റ് നീണ്ട ആദ്യ സെമിയിൽ 6-2, 3-6, 6-1 എന്ന സ്കോറിനാണ് ഒൻസ് വിജയം കണ്ടത്. ഒരു മണിക്കൂർ 43 മിനിട്ട് നീണ്ട പോരാട്ടത്തിൽ ആദ്യ സെറ്റ് നേടിയ ഒൻസിനെതിരെ രണ്ടാം സെറ്റിൽ തത്യാന തിരിച്ചടിച്ചെങ്കിലും നിർണായകമായ മൂന്നാം സെറ്റിൽ തത്യാനയെ അനങ്ങാൻ അനുവദിക്കാതെ ഒൻസ് വിജയത്തിലേക്ക് എത്തുകയായിരുന്നു.

"This shot should be impossible"

A ridiculous winner by @Ons_Jabeur 😱#Wimbledon | #CentreCourt100 pic.twitter.com/3eunp1c2Fx

— Wimbledon (@Wimbledon) July 7, 2022

രണ്ട് വർഷം മുമ്പ് വനിതാ റാങ്കിംഗിൽ ആദ്യ 50 സ്ഥാനത്തിനുള്ളിലേക്ക് കടന്നുവന്ന ഒൻസ് കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഇപ്പോൾ. കഴിഞ്ഞ 22 മത്സരങ്ങളിൽ ഇരുപതിലും വിജയിച്ച ഒൻസിന് ഫൈനലിൽ എതിരാളിയാവുന്നത് സിമോണ ഹാലെപ്പും എലേന റൈബാക്കിനയും തമ്മിലുള്ള സെമിഫൈനലിലെ വിജയിയാണ്. ക്വാർട്ടർ ഫൈനലിൽ ഹാലെപ്പ് അമേരിക്കയുടെ അമാൻഡ അനിസിമോവയെയും എലേന ഓസ്‌ട്രേലിയൻ താരം അയ്‌ല ടോംലാനോവിച്ചിനെയുമാണ് കീഴടക്കിയത്.

അമാൻഡയെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഹാലെപ്പ് കീഴടക്കിയത്. പരിചയസമ്പന്നയായ ഹാലെപിനെതിരേ ഒന്നു പോരുതാൻ പോലും അമാൻഡയ്ക്ക് സാധിച്ചില്ല. സ്‌കോർ: 6-2, 6-4. മുൻ വിംബിൾഡൺ ചാമ്പ്യൻകൂടിയാണ് ഹാലെപ്. 2019ലാണ് ഹാലെപ്പ് വിംബിൾഡൺ കിരീടത്തിൽ മുത്തമിട്ടിരുന്നത്.

എലേന മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ടോംലാനോവിച്ചിനെ കീഴടക്കിയത്. ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും പോരാട്ടവീര്യത്തോടെ കളിച്ച എലേന പിന്നീടുള്ള രണ്ട് സെറ്റും നേടി മത്സരം സ്വന്തമാക്കി. എലേനയുടെ ആദ്യ ഗ്രാൻസ്ലാം സെമി ഫൈനൽ പ്രവേശനമാണിത്.