kids

ന്യൂഡൽഹി: പത്ത് മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന് നിയമനം നൽകി ഇന്ത്യൻ റെയിൽവേ. ഛത്തീസ്ഗഡിലാണ് അപൂർവ നിയമനം നടന്നത്. ജോലിയിലിരിക്കെ മരണമടഞ്ഞ സർക്കാർ ജോലിക്കാരുടെ ബന്ധുക്കൾക്ക് നിയമനം നൽകുന്ന വകുപ്പിലാണ് കുഞ്ഞിന് റെയിൽവേ ജോലി നൽകിയത്. 18 വയസ് പൂർത്തിയാകുമ്പോൾ കുട്ടിക്ക് ജോലിയിൽ പ്രവേശിക്കാം.

കുഞ്ഞിന്റെ പിതാവ് രാജേന്ദ്രകുമാർ റയിൽവേയുടെ ഭിലായി യാർഡിൽ അസിസ്റ്റൻഡ് ആയിട്ട് ജോലി നോക്കുകയായിരുന്നു. രാജേന്ദ്രകുമാറും ഭാര്യയും ജൂൺ ഒന്നിന് നടന്ന വാഹനാപകടത്തിൽ മരണമടഞ്ഞു. കുഞ്ഞും അപകടത്തിൽ ഉൾപ്പെട്ടിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. രാജേന്ദ്രകുമാറിന്റെ കുടുംബത്തിന് നിയമപരമായി ലഭിക്കേണ്ട എല്ലാ സഹായങ്ങളും ചെയ്തിട്ടുണ്ടെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. ജൂലായ് ഒന്നിനാണ് രാജേന്ദ്രകുമാറിന്റെ ബന്ധുക്കൾ കുഞ്ഞിനെയും കൊണ്ട് ജോലിക്കു വേണ്ടിയുള്ള അപേക്ഷ സമർപ്പിക്കാൻ റയിൽവേ ഓഫീസിൽ എത്തിയത്. പത്തുമാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിന് ജോലി നൽകുന്നത് ഇന്ത്യൻ റെയിൽവേയുടെ തന്നെ ചരിത്രത്തിലെ ആദ്യ സംഭവമാണെന്ന് അധികൃതർ പറ‌ഞ്ഞു.

ജോലിക്കു വേണ്ടിയുള്ള അപേക്ഷയിൽ വിരലടയാളം പതിപ്പിച്ചപ്പോൾ കുഞ്ഞ് വാവിട്ട് നിലവിളിച്ചെന്നും അത് വളരെ ഹൃദയഭേദകമായിരുന്നെന്നും റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. അപേക്ഷയിൽ കുഞ്ഞിന്റെ ഒപ്പ് വേണമായിരുന്നെന്നും ആദ്യം തങ്ങൾക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നെന്നും പിന്നീടാണ് വിരലടയാളം എടുക്കാൻ തീരുമാനിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.